കെഎസ്ആർടിസിയിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം; യാത്രക്കാർക്ക് അനുകൂലമായ കൂടുതൽ മാറ്റങ്ങൾ

news image
May 23, 2024, 3:50 am GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിലാണ് റിസർവേഷൻ പരിഷ്കരിച്ചത്. പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിച്ചിട്ടുണ്ട്.

ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകൾക്ക് ഇനി സേവന ദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകും. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും. റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങൾക്കു വിധേയമായി അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. തകരാർ, അപകടം, മറ്റെന്തെങ്കിലും കാരണങ്ങളാൽ മുഴുവൻ ദൂരത്തേക്ക് സർവീസ് നടത്താതെ വന്നാൽ റീഫണ്ടുകൾ രണ്ട് ദിവത്തിനുള്ളതിൽ തന്നെ തിരികെ നൽകും.  ഇതിനാവശ്യമായ രേഖകൾ ഇൻസ്പെക്ടർ, ബന്ധപ്പെട്ട ഇദ്യോഗസ്ഥർ ഐ ടി ഡിവിഷനിൽ കാലതാമസം കൂടാതെ നൽകേണ്ടതാണ്.

റീഫണ്ട് നൽകുന്നതിന് ആവശ്യമായ രേഖകൾ ഹാജാരാക്കുന്നതിലോ രേഖകൾ ലഭിച്ചതിനു ശേഷം റീഫണ്ട് നൽകുന്നതിനോ ഉദ്യോഗസ്ഥരിൽ നിന്നും കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് പിഴയായി ഈ തുക ഈടാക്കുന്നതാണ്. രണ്ട് മണിക്കൂറിൽ അധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും. റിസർവേഷൻ സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക തകരാർ കാരണം ട്രിപ്പ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ കാണാത്ത സാഹചര്യം ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും.

നിശ്ചിത പിക്കപ്പ് പോയിന്റിൽ നിന്ന് യാത്രക്കാരനെ ബസ്സിൽ കയറ്റാത്ത സംഭവങ്ങൾക്ക് കെഎസ്ആർടിസി ഉത്തരവാദി ആണെങ്കിൽ മുഴുവൻ തുകയും യാത്രക്കാരന് തിരികെ നൽകും. ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസ്സ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസ് ഉപയോഗിച്ചാണ് യാത്രക്കാർ യാത്ര ചെയ്തത് എങ്കിൽ യാത്രാ നിരക്കിലെ വ്യത്യാസം തിരികെ നൽകും. യാത്രയ്ക്കിടെ ക്ലൈമിന്റെ പ്രൂഫ് ഹാജരാക്കാത്തതിനാൽ യാത്രക്കാർക്ക് ഓൺലൈൻ മൊബൈൽ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ഇടിഎം ടിക്കറ്റ് വാങ്ങി യാത്രക്കാരൻ ഇതേ ബസ്സിൽ യാത്ര ചെയ്തിരിക്കണം എന്ന നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാന നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. ഇടിഎം ടിക്കറ്റിന്റെ പകർപ്പ് നിർബന്ധമാണ്. യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ റീഫണ്ട് അനുവദിക്കില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe