കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണത്തിന് സ്റ്റേ ഇല്ല; ലാഭകരമാക്കാനുള്ള നീക്കം തടയരുതെന്ന് തൊഴിലാളികളോട് കോടതി

news image
Sep 23, 2022, 12:16 pm GMT+0000 payyolionline.in

കൊച്ചി: കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കെഎസ്ആർടിസിയെ ലാഭകരമാക്കാൻ നടത്തുന്ന പരിഷ്കാരങ്ങളെ തൊഴിലാളികൾ തടസ്സപ്പെടുത്തരുതെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്. കാട്ടാക്കടയിൽ അച്ഛനെയും മകളേയും കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ സ്വീകരിച്ച നടപടികളിൽ കോടതി തൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ കാര്യക്ഷമമായി നടക്കണം എന്നും കോടതി നിർദേശിച്ചു.

അതേസമയം കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് തൊഴിലാളികളിൽ ഒരു വിഭാഗം. 28 ശതമാനം തൊഴിലാളികൾ അംഗങ്ങളായുള്ള ടിഡിഎഫ് ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം തീയതി മുതൽ സമരം നടത്തുമെന്ന് കാണിച്ചാണ് ടിഡിഎഫ് നോട്ടീസ് നൽകിയിട്ടുള്ളത്. സമരം അംഗീകരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. സിംഗിൾ ഡ്യൂട്ടി സിസ്റ്റം എന്നത് യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണ്. അതിൽ നിന്നും ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് നേരത്തെ മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു.

ടിഡിഎഫ് പണിമുടക്കിൽ ഉറച്ചു നിൽക്കുകയാണെങ്കിലും സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകൾ സമരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന നിലപാടിലാണ്. ഓണത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി  നടത്തിയ ചർച്ചയിൽ എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിലാണ് ഈ നീക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe