കെഎസ്ആർടിസി ബസിൽ ന​ഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം; ലജ്ജാകരമെന്ന് പരാതിക്കാരി

news image
Jun 4, 2023, 11:57 am GMT+0000 payyolionline.in

കൊച്ചി : കെഎസ്ആർടിസി ബസിൽ ന​ഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിൽ പ്രതികരിച്ച് പരാതിക്കാരി. സംഭവം ലജ്ജാകരമാണെന്നും കുറ്റം ചെയ്ത പ്രതിക്ക് സ്വീകരണവും തനിക്ക് നേരെ അക്രമവുമാണെന്ന് പരാതിക്കാരി പ്രതികരിച്ചു.

സമൂഹമാധ്യമങ്ങളിൽ തനിക്കും സുഹൃത്തുക്കൾക്കും നേരെ നിരന്തരമായ ആക്രമണമാണ് നടക്കുന്നത്. നിയമ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.

കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷനാണ് സ്വീകരണം നൽകിയത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ സവാദിന് ജാമ്യം അനുവദിച്ചത്. സവാദ് പുറത്തിറങ്ങുമ്പോൾ സ്വീകരണം നൽകുമെന്ന് അസോസിയേഷൻ നേരത്തെ പറഞ്ഞിരുന്നു. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു മുന്നിൽ സവാദിന് സ്വീകരണം നൽകിയത്. ഇതിന്റെ വീഡിയോ അസോസിയേഷൻ ഫെയ്സ്ബുക്കിലൂടെ ലൈവ് ആയി കാണിച്ചിരുന്നു.

സവാദിനെ പൂമാലയണിയിക്കുന്നതും ഞങ്ങളെല്ലാം ഒപ്പമുണ്ട് എന്നു പറയുന്നതും വീഡിയോയിൽ ദൃശ്യമാണ്. തുടർന്ന് സവാദ് വാഹനത്തിൽ കയറി പോകുന്നതും വീഡിയോയിലുണ്ട്. ഇൻസ്റ്റഗ്രാമിൽ പ്രശസ്തി ലഭിക്കാനായി യുവതി നൽകിയ കള്ളപ്പരാതിയാണിതെന്ന്  അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ ആരോപിച്ചിരുന്നു. ഡിജിപിക്ക് ഇതു സംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്. സവാദ് തെറ്റ് ചെയ്‌തിട്ടില്ലെന്നും സവാദിനു വേണ്ടി സംഘടന നിയമപരമായി നീങ്ങുമെന്നും പ്രസിഡന്റ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe