മുന്‍ രാഷ്ട്രപതിയും നയതന്ത്രജ്ഞനും. രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച പ്രഥമ മലയാളിയായിരുന്നു ഇദ്ദേഹം. ഇന്ത്യയുടെ പ്രഥമപൗരന് എന്ന പദവി നേടിയ ആദ്യ ദലിതന് എന്നതാണ് മറ്റൊരു പ്രത്യേകത.
1920 ഒ. 27-ന് കോട്ടയം ജില്ലയില്‍ ഉഴവൂര്‍ വില്ലേജിലെ പെരുന്താനത്ത് കൊച്ചേരില്‍ രാമന് വൈദ്യരുടെയും പാപ്പിയമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. ദലിത് വിഭാഗത്തില്‍ ജനിച്ചു എന്ന കാരണത്താല്‍ വിദ്യാഭ്യാസകാലത്ത് കടുത്ത വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്. കുറിച്ചിത്താനം ഗവണ്മെന്റ് എല്‍.പി.എസ്. സ്കൂള്‍, ഉഴവൂര്‍ അവര്‍ ലേഡി ഒഫ് ലൂര്‍ദ്സ് യു.പി. സ്കൂള്‍, കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതമൂലം നിത്യേന 15 കി.മീ. ദൂരം നടന്നാണ് നാരായണന് ക്ളാസ്സില്‍ പോയിരുന്നത്. പത്താംതരം പാസ്സായതിനുശേഷം മെരിറ്റ് സ്കോളര്‍ഷിപ്പു നേടുകയും കോട്ടയം സി.എം.എസ്. കോളജില്‍ നിന്ന് ഇന്റര്‍മീഡിയേറ്റ് പൂര്‍ത്തി(1938-40)യാക്കുകയും ചെയ്തു.
തിരുവിതാംകൂര്‍ സര്‍വകലാശാല (ഇപ്പോഴത്തെ കേരള സര്‍വകലാശാല)യില്‍ നിന്ന് ബി.എ. ഓണേഴ്സും ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ഒന്നാം റാങ്കോടെ പാസ്സായി. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍, ദലിത് വിഭാഗത്തില്‍നിന്ന് ബിരുദപഠനത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ വിദ്യാര്‍ഥി നാരായണനാണ്. ഫീസടയ്ക്കാന്‍ നിര്‍വാഹമില്ലാതിരുന്ന ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് ബി.എ. ഒന്നാം റാങ്കില്‍ പാസ്സായ ഇദ്ദേഹത്തിന് ജാതിയുടെ പേരില്‍ ഗവണ്മെന്റുദ്യോഗം നിഷേധിക്കപ്പെട്ടത് തിക്തമായ ഒരനുഭവമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിരുവിതാംകൂര്‍ മഹാരാജാവ് ബിരുദദാനം നിര്‍വഹിച്ച കോണ്വൊക്കേഷന് ചടങ്ങ് ബഹിഷ്കരിച്ച നാരായണന് പിന്നീട് പ്രസിഡന്റായിരിക്കവേ ബിരുദസര്‍ട്ടിഫിക്കറ്റ് നല്കി പഴയ തെറ്റ് തിരുത്താന്‍ കേരള സര്‍വകലാശാല മുന്നോട്ടുവന്നു. ആദ്യം സ്വകാര്യമേഖലയില്‍ അധ്യാപകനായാണ് ജോലിനോക്കിയത്. പിന്നീട് പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞ ഇദ്ദേഹം ഡല്‍ഹിയില്‍ ദി ഹിന്ദു, ദി ടൈംസ് ഒഫ് ഇന്ത്യ എന്നീ പത്രങ്ങളില്‍ ലേഖകനായി സേവനമനുഷ്ഠിച്ചിരുന്നു. ടൈംസ് ഒഫ് ഇന്ത്യയില്‍ ജോലി ചെയ്ത കാലത്ത് ബോംബെയില്‍ വച്ച് (1945 ഏ. 10) മഹാത്മാഗാന്ധിയുമായി അഭിമുഖം നടത്തുകയുണ്ടായി.
ലണ്ടന്‍ സ്കൂള്‍ ഒഫ് എക്കണോമിക്സില്‍ പഠിക്കാനുള്ള ജെ.ആര്.ഡി. റാറ്റാ സ്കോളര്‍ഷിപ്പ് ലഭിച്ചത് നാരായണന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി (1945). വി.കെ. കൃഷ്ണമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യാലീഗില്‍ സഹപാഠിയായ കെ.എന്‍. രാജുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ഇക്കാലത്താണ്. കെ.എം. മുന്‍ഷിയുടെ പത്രാധിപത്യത്തില്‍ അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന സോഷ്യല്‍ വെല്‍ഫെയര്‍ വീക്കിലിയുടെ ലണ്ടന്‍ കറസ്പോണ്ടന്റായും നാരായണന് പ്രവര്‍ത്തിച്ചിരുന്നു. ഹാരോള്‍ഡ് ലാസ്കിയുടെ ശിഷ്യനായ ഇദ്ദേഹം ഒന്നാം ക്ലാസ്സോടെ രാഷ്ട്രമീംമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിക്കൊണ്ട് അക്കാദമിക് രംഗത്ത് മറ്റൊരു മികച്ച നേട്ടത്തിനുടമയായി. ശിഷ്യനിലെ പ്രതിഭയെ കണ്ടറിഞ്ഞ ലാസ്കി ജവാഹര്‍ലാല്‍ നെഹ്റുവിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നാരായണന് വിദേശവകുപ്പില്‍ നേരിട്ട് നിയമനം (1949) ലഭിച്ചു.
30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ജപ്പാന്, ഇംഗ്ളണ്ട്, തായ്ലന്ഡ്, തുര്‍ക്കി, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നയതന്ത്ര പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും നല്ല നയതന്ത്രജ്ഞന് എന്നാണ് നെഹ്റു ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. റംഗൂണില്‍ സേവനമനുഷ്ഠിക്കവേ പരിചയപ്പെട്ട മാടിന്റ്ടിന്റ് എന്ന ബര്‍മീസ് യുവതിയെ 1951-ല്‍ ഇദ്ദേഹം വിവാഹം ചെയ്തു (വിവാഹശേഷം ഇവര്‍ ഉഷ എന്ന പേര് സ്വീകരിക്കുകയുണ്ടായി). അതിര്‍ത്തിത്തര്‍ക്കത്തെയും സൈനിക നടപടികളെയും തുടര്‍ന്ന് അറുപതുകളില്‍ കലുഷിതമായിരുന്ന ഇന്ത്യാ-ചൈനാ ബന്ധം വര്‍ഷങ്ങള്‍ക്കുശേഷം പരസ്പര സഹകരണത്തിന്റെ പാതയിലേക്ക് മടങ്ങുന്ന കാലയളവില്‍, ചൈനയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ചുകൊണ്ട് (1976-78) ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ സൗഹാര്‍ദ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ നാരായണന്റെ സേവനം അവിസ്മരണീയമാണ്. വിദേശവകുപ്പില്‍ നിന്നും വിരമിച്ചശേഷം ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കെവെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇദ്ദേഹത്തെ അമേരിക്കയിലെ ഇന്ത്യന്‍ അംബസഡറായി നിയോഗിച്ചു (1980-84). ഇതിനുശേഷം ഇന്ദിരാഗാന്ധിയുടെ അഭ്യര്‍ഥനയെ മാനിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഇദ്ദേഹം തുടര്‍ച്ചയായി മൂന്ന് തവണ (1984, 1989, 1991) ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജീവ്ഗാന്ധി മന്ത്രിസഭയില്‍ ശാസ്ത്രസാങ്കേതിക സഹമന്ത്രിയായും (1985-86) പ്രവര്‍ത്തിച്ച ഇദ്ദേഹം 1992-ല്‍ ഉപരാഷ്ട്രപതിയായി. ഇന്ത്യന്‍ ഉപരാഷ്ട്രപതി പദത്തിലെത്തിയ ആദ്യത്തെ മലയാളിയും ഇദ്ദേഹമാണ്. 1997-ല്‍ ഇന്ത്യയുടെ 10-ാമത്തെ പ്രസിഡന്റായി ഇദ്ദേഹം അധികാരമേറ്റു.
ദേവഗൗഡ, ഐ.കെ. ഗുജ്റാള്‍, വാജ്പേയി എന്നീ മൂന്നു പ്രധാനമന്ത്രിമാരൊത്തു പ്രവര്‍ത്തിച്ച ഇദ്ദേഹം വെറും ഒരു ‘റബ്ബര്‍സ്റ്റാമ്പ്’ പ്രസിഡന്റ് എന്ന വിശേഷണത്തിലൊതുങ്ങാതെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിലൂടെ ശ്രദ്ധേയനായി. 1997-ല്‍ ഐ.കെ. ഗുജ്റാളിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ്സ് പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കു വിരാമമിട്ടുകൊണ്ട് ലോക്സഭ പിരിച്ചുവിട്ട നടപടി രാഷ്ട്രീയ നിരീക്ഷകര്‍ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ 356-ാം വകുപ്പ് പ്രകാരം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഉത്തര്‍പ്രദേശിലെ കല്യാണ്‍സിങ്ങിന്റെ സര്‍ക്കാരിനെയും ബിഹാറിലെ റാബ്റിദേവി സര്‍ക്കാരിനെയും പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം സ്ഥാപിക്കാനുള്ള സംസ്ഥാന ഗവര്‍ണര്‍മാരുടെ രാഷ്ട്രീയപ്രേരിതമായ ശിപാര്‍ശ തിരിച്ചയച്ച നടപടി ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിനും സംസ്ഥാനങ്ങളുടെ അധികാരത്തിനും ലഭിച്ച അംഗീകാരമായി വിലയിരുത്തപ്പെട്ടു.
രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളും മൂന്നു കൂട്ടുകക്ഷിമന്ത്രിസഭകളും കാണുകയും അത്തരത്തില്‍ പ്രക്ഷുബ്ധമായ കാലഘട്ടത്തില്‍ പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്തിന് ദിശാബോധം നല്കാനാവുകയും ചെയ്തു എന്നതായിരുന്നു നാരായണന്റെ സവിശേഷത. സാമൂഹ്യപ്രതിബദ്ധതയുള്ള ഭരണാധികാരി എന്ന നിലയില്‍ സാമ്പത്തിക നയങ്ങള്‍ സമത്വാധിഷ്ഠിത വികസനത്തിന് ഉപയുക്തമാകണമെന്ന പക്ഷക്കാരനായിരുന്നു ഇദ്ദേഹം. അധഃസ്ഥിതരുടെയും പാവപ്പെട്ടവരുടെയും ശാക്തീകരണത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് കരുതിയ ഇദ്ദേഹം ഉന്നതവിദ്യാഭ്യാസരംഗത്തും പൊതുമേഖലാസ്ഥാപനങ്ങളിലും പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്ന സ്ഥാനങ്ങള്‍ നല്‍കാത്തത് ഭരണപരമായ പിടിപ്പുകേടും സങ്കുചിതചിന്താഗതികളും മൂലമാണെന്ന് നിരീക്ഷിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ പേരില്‍ നാരായണന് 1986-ല്‍ യു.എസ്. ഹൌസ് ഒഫ് റെപ്രസന്റേറ്റീവ്സ് ‘സ്റ്റേറ്റ്സ്മാന് ഒഫ് ദി ഇയര്‍’ പുരസ്കാരം നല്കി ആദരിച്ചിരുന്നു. നാരായണന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്ന ഘട്ടത്തില്‍ വീണ്ടുമൊരവസരം കൂടി നല്‍കണമെന്ന അഭിപ്രായം പൊതുവേ രൂപപ്പെട്ടെങ്കിലും ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ ബി.ജെ.പി. എതിര്‍ത്തതിനെത്തുടര്‍ന്ന് മത്സരത്തില്‍ നിന്നും നാരായണന് സ്വയം പിന്‍വാങ്ങി. 2002 ജൂല. 24-ന് ഇദ്ദേഹം പ്രസിഡന്റ് പദം ഒഴിഞ്ഞു. പ്രസിഡന്റ് കാലാവധിക്കുശേഷം 2005 ഫെബ്രുവരിയില്‍ ഒരു സ്വകാര്യ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദുത്വവാദം ശക്തിപ്പെടുന്നതിലും മതസൗഹാര്‍ദത്തെയും മതനിരപേക്ഷതയെയും കളങ്കപ്പെടുത്തിയ ബാബ്റി മസ്ജിദ് സംഭവത്തിലും 2002-ലെ ഗുജറാത്ത് കലാപത്തിലുമുള്ള തന്റെ ആശങ്കകള്‍ നാരായണന് തുറന്നു പറഞ്ഞിട്ടുണ്ട്.
നല്ല ഒരു എഴുത്തുകാരന് കൂടിയായ നാരായണന്റെ പ്രധാന കൃതികളായ നോണ്‍ അലൈന്മെന്റ് ഇന്‍ കണ്ടംപററി ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഇന്ത്യ ആന്‍ഡ് അമേരിക്ക: എസ്സേസ് ഇന്‍ അണ്ടര്സ്റ്റാന്ഡിങ്, ഇമേജസ് ആന്‍ഡ് ഇന്‍സൈറ്റ്, നെഹ്റു ആന്‍ഡ് ഹിസ് വിഷന്‍ എന്നിവ ചിന്താലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അസുഖബാധിതനായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാരായണന് 2005 ന. 9-ന് അന്തരിച്ചു. ഡല്‍ഹിയിലെ ശാന്തിവനത്തിന് സമീപമുള്ള എകതാസ്ഥലയിലാണ് ഇദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ളത്.