കെ.റെയിൽ പദ്ധതി: കൊയിലാണ്ടി നഗരസഭാ കൗൺസിലിൽ യുഡിഎഫ് ഇറങ്ങിപ്പോയി

news image
Jan 13, 2022, 9:37 pm IST payyolionline.in
കൊയിലാണ്ടി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കെ.റെയിൽ പദ്ധതി അവസാനിപ്പിക്കണമെന്നും, നഗരസഭ ബസ്സ് സ്റ്റാൻ്റ് നവീകരിച്ച് പരിപാലിക്കുന്നതിന് കരാർ നൽകിയതിൽ അഴിമതി ആരോപിച്ചും യു.ഡി.എഫ്. കൗൺസിലർമാർ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി നഗരസഭ കവാടത്തിൽ ധർണ്ണ നടത്തി.
2014ൽ സോളസ് ആഡ് സൊലൂഷൻസ് എന്ന സ്ഥാപനത്തിനാണ് നഗരസഭ ബസ്സ് സ്റ്റാൻ്റ് നവീകരിച്ച് പരിപാലിക്കുന്നതിന് അനുമതി നൽകിയത്. നഗരസഭ ഇവരുമായുണ്ടാക്കിയ കരാറിൽ പറയുന്ന 17 ഓളം നിബന്ധനകയിൽ ഒന്നും നടപ്പിലാക്കിയില്ലെന്നാണ് യു.ഡി.എഫ്. കൗൺസിലർമാർ പറയുന്നത്. കൂടാതെ നഗരസഭയ്ക്ക് പ്രതിമാസം നൽകേണ്ട പണം ഈ സ്ഥാപനം നൽകാനിട്ടും നഗരസഭ സോളസ് ആഡ് സൊലൂഷൻസ് കമ്പനിക്കതിരെ നടപടിയെടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നും കൗൺസിലർമാർ ആരോപിച്ചു.
ഈ കമ്പനി സി.പി.എം. കോഴിക്കോട് ജില്ലയിലെ മുതിർന്ന നേതാക്കളുടെയും മക്കളുടെയും നിയന്ത്രണത്തിലായതിനാലാണ് നഗരസഭ നടപടിയെടുക്കാത്തതെന്നും പറയുന്നു. സോളസ് ആഡ് സൊലൂഷൻസ് കമ്പനിക്കെതിരെ നടപടിയെടുത്ത് നഗരസഭ നഷ്ടപരിഹാരം അവരിൽ നിന്നും ഈടാക്കണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും കൗൺസിൽ പാർട്ടി ലീഡർമാരായ രത്ന വല്ലിടീച്ചറും വി.പി.ഇബ്രാഹിം കുട്ടിയും പറഞ്ഞു.
നഗരസഭയിലെ നിരവധി കുടുംബങ്ങൾക്ക് കിടപ്പാടവും സ്വത്തും നഷ്ടപ്പെടുത്തുന്ന കെ.റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് മനോജ് പയറ്റുവളപ്പിലും വി.പി.ഇബ്രാഹിം കുട്ടിയും കൊണ്ടുവന്ന അടിയന്തര പ്രമേയം ചെയർമാൻ തള്ളിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്നും മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. പ്രതിഷേധത്തിന് പി. രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.എം.നജീബ്, മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, രജീഷ് വെങ്ങളത്തു കണ്ടി, വത്സരാജ് കേളോത്ത്, പി.ജമാൽ, വി.വി. ഫക്രുദ്ധീൻ, പി.പി.ഫാസിൽ, ഷീബ അരീക്കൽ, കെ.ടി.വി.റഹ്മത്ത്, ദൃശ്യ, ഷൈലജ, ജിഷ, സുമതി എന്നിവർ നേതൃത്വം നൽകി.
Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe