കേന്ദ്രവിരുദ്ധ സമരങ്ങള്‍ ആലോചനയില്‍; എൽഡിഎഫ് നേതൃയോഗം ഇന്ന്

news image
Jul 26, 2022, 7:12 am IST payyolionline.in

തിരുവനന്തപുരം: എൽഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് മൂന്നരയ്ക്ക് എകെജിസെന്ററിലാണ് യോഗം. കേന്ദ്രവിരുദ്ധ സമരങ്ങളെക്കുറിച്ചുള്ള ആലോചനയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. അരിയടക്കമുള്ള ഭക്ഷധാന്യങ്ങളുടെ ജിഎസ്ടി ഉയർത്തിയതും കേരളത്തിന്റെ വായ്പാപരിധികുറച്ചതും അടക്കമുള്ള വിഷയങ്ങൾ എല്‍ഡിഎഫ് യോഗത്തില്‍ ചർച്ചയാകും.

 

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റം അടക്കമുള്ള വിഷയങ്ങൾ ഉയ‍ർത്തിക്കാട്ടി ശക്തമായി സമരംചെയ്താൽ നിലവിലെ വിവാദ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണി നേതൃത്വം. അതേസമയം സി പി ഐ  തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ച വിമര്‍ശനങ്ങൾക്ക് സംസ്ഥാന സെക്രട്ടറി നൽകിയ മറുപടിയെ ചൊല്ലി സിപിഐയില്‍ ഉൾപ്പാര്‍ട്ടി പോര് തുടങ്ങിയിരിക്കുകയാണ്.

പാര്‍ട്ടിയുടെ അടിസ്ഥാന നയസമീപനങ്ങളെ പോലും വെല്ലുവിളിക്കുന്നതാണ് കാനം രാജേന്ദ്രന്‍റെ  നിലപാടെന്നതാണ് ഉയരുന്ന വിമര്‍ശനം. പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായ കടന്നാക്രമണം നേതൃത്വത്തിനും അപ്രതീക്ഷിതമായിരുന്നു. വകുപ്പ് മന്ത്രിമാരുടെ പ്രവര്‍ത്തനത്തിൽ മുതൽ മുഖ്യന്ത്രിയുടെ ഇടപെടലിൽ വരെ നടന്നത് ഇഴകീറി പരിശോധന. പരിസ്ഥിതി പ്രശ്നങ്ങളിലും മുന്നണി സമീപനങ്ങളിലും നേതൃത്വം കേട്ടത് വലിയ വിമര്‍ശനം. ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി ചര്‍ച്ചയിൽ ഇത്രവലിയ ആക്രമണം കരുതിയിരുന്നില്ല സംസ്ഥാന നേതൃത്വം.

ജില്ലാ സമ്മേളനങ്ങളിൽ ജില്ലാ സെക്രട്ടറി മറുപടി പറയുന്ന കീഴ്വഴക്കം മറികടക്കാൻ സംസ്ഥാന സെക്രട്ടറി തയ്യാറായതു തന്നെ വിമര്‍ശനം തണുപ്പിക്കാനായിരുന്നു. രണ്ട് ദിവസം മുഴുവനായും പ്രതിനിധികളെ കേട്ട കാനം പറഞ്ഞ മറുപടിയാകട്ടെ എരി തീയിൽ എണ്ണയൊഴിക്കും പോലായി. എംഎം മണിയുമായുള്ള തര്‍ക്കത്തിൽ ആനി രാജയെ കൈവിട്ടതിനെതിരെ കടുത്ത അതൃപ്തിയാണ് പ്രതിനിധികൾക്കുള്ളത്.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിൽ എഐഎസ്എഫ് നേതാവ് നിമിഷ രാജുവിന്റെ ഭാഗത്താണ് തെറ്റെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. എസ്എഫ്ഐയും എഐഎസ്എഫും തമ്മിൽ നേരത്തെയും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടെന്നും അന്നൊന്നും എസ്ഇ എസ് ടി അട്രോസിറ്റി ആക്ടിലേക്ക് കാര്യങ്ങളെത്തിയിരുന്നില്ലെന്നും കൂടി കാനം ഓര്‍മ്മിപ്പിച്ചതോടെ പാര്‍ട്ടിക്കകത്ത് പ്രതിഷേധം നീറുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe