കേരളത്തിന്റെ പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: പ്രധാനമന്ത്രി

news image
Apr 25, 2023, 9:00 am GMT+0000 payyolionline.in

തിരുവനന്തപുരം∙ കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും ഉൾപ്പെടെയുള്ള കേരളത്തിന്റെ പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തെ വികസന ഉത്സവവുമായി ബന്ധിപ്പിക്കാന്‍ അവസരം കിട്ടിയെന്നും എല്ലാ വികസന പദ്ധതികളുടെയും പേരില്‍ ആശംസ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

വാട്ടർ മെട്രോ കൊച്ചിയിലെ ഗതാഗതസൗകര്യം കൂടുതൽ സുഗമമാക്കും, അതും കുറഞ്ഞ ചെലവിൽ. ഡിജിറ്റൽ മേഖലയിൽ വലിയ സംഭാവന നൽകാൻ ഡിജിറ്റൽ സയൻസ് പാർക്കിന് കഴിയും. വന്ദേഭാരത് എക്സ്പ്രസ് വന്നതോടെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് വേഗം എത്താനാകുമെന്നും ജി20 യോഗങ്ങൾ കേരളത്തിൽ നടത്തിയത് ലോകത്തിന് മുന്നിൽ കേരളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാരതത്തിന്റെ വികസന സാധ്യതകൾ ലോകം അംഗീകരിച്ചു കഴിഞ്ഞു. ഭാരതത്തിന്റെ വികസിത ശക്തിയുടെ ഗുണം പ്രവാസികൾക്കും ലഭിക്കുന്നു. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യം വികസിക്കുമെന്ന കാഴ്ചപ്പാടാണ് കേന്ദ്ര സർക്കാരിന്. അടിസ്ഥാന സൗകര്യവികസനത്തിന് വലിയ പരിഗണനയാണ് കേന്ദ്രം നൽകുന്നത്.

റെയിൽവേ സുവർണ കാലഘട്ടത്തിലൂടെ കടന്നുപോകുന്നു. മുൻപുള്ള സർക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാൾ അഞ്ചിരട്ടി തുകയാണ് റെയിൽവേ ബജറ്റിലൂടെ സംസ്ഥാനത്തിന് ഇപ്പോൾ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘മലയാളി സ്നേഹിതരേ’ എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തത്. കേരളം വിജ്ഞാന സമൂഹമാണ്. കേരളത്തിലെ ജനത ഏറെ പ്രത്യകതയുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ മൂന്നു സ്റ്റേഷനുകൾ ആധുനീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇവ കേവലം റെയിൽവേ സ്റ്റേഷനുകൾ മാത്രമല്ല, ട്രാന്‍സ്പോർട്ട് ഹബ്ബുകൾ കൂടിയാണ്. കേരളത്തിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര വന്ദേഭാരത് ട്രെയിൻ സുഗമമാക്കും. ഷൊർണൂർ മേഖലയിലെ വികസന പ്രവർത്തനങ്ങൾ അവസാനിക്കുമ്പോൾ സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജലമെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ സംസ്ഥാന സർക്കാർ പദ്ധതികൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, റെയിൽവേയുമായി ബന്ധപ്പെട്ട 1900 കോടി രൂപയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ചു. ഇതിൽ 1,140 കോടി രൂപയുടെ തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട്, നേമം കൊച്ചുവേളി സ്റ്റേഷനുകളുടെ നവീകരണവും ഉൾപ്പെടുന്നു. തിരുവനന്തപുരം– ഷൊർണൂർ സെക്ഷനിലെ 366.83 കിലോമീറ്റർ വേഗം കൂട്ടാൻ ട്രാക്ക് നവീകരണ പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പാലക്കാട്–ദിണ്ടിഗൽ മേഖലയിലെ റെയിൽവേ ലൈൻ വൈദ്യുതീകരണ പ്രവർത്തനത്തിനും തുടക്കമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe