കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി

news image
Sep 24, 2022, 5:30 am GMT+0000 payyolionline.in

ദില്ലി : എൻഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടി.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

 

മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ ഹർത്താൽ അനുകൂലികൾ പലയിടത്തും കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിക്കുന്ന സ്ഥിതിയാണ് ഹർത്താൽ ദിനത്തിലുണ്ടായത്. സമരക്കാർ  70 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെന്നാണ് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടായി. കല്യാശേരിയിൽ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ പിടിയിലായി.ചാവക്കാട് ആംബുലിസിന് നേരെയും കല്ലെറിഞ്ഞു  . കല്ലേറിലും ബോംബേറിലും 15 പേര്‍ക്ക് പരിക്കേറ്റു . കൊല്ലം പള്ളിമുക്കിൽ അക്രമികള്‍  പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണമുണ്ടാക്കിയതിൽ അറസ്റ്റിലായത്. 229 പേരെ കരുതൽ തടങ്കലിലാക്കി. 57 കേസുകളെടുത്തുവെന്നുമാണ് സർക്കാർ പുറത്തുവിട്ട കണക്ക്.

 

രാജ്യത്ത് വിവിധയിടങ്ങളിൽനിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് ദില്ലി എൻഐഎ ആസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ 8 മണിക്കൂറിലധികമാണ് പ്രതികളെ ചോദ്യം ചെയ്തത്. റെയ്ഡിൽ  പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പിഎഫ്ഐ നേതാക്കളെ വീണ്ടും കോടതിയിൽ ഹാജരാക്കും. അതിനിടെ എൻഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe