കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; സുരക്ഷ പരിശോധന കർശനമാക്കാൻ തമിഴ്നാട്; 160 പൊലീസുകാരെ വിന്യസിച്ചു

news image
Nov 17, 2023, 10:28 am GMT+0000 payyolionline.in

ചെന്നൈ: കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ സുരക്ഷ പരിശോധനകൾ കർശനമാക്കാനൊരുങ്ങി തമിഴ്നാട്. കോയമ്പത്തൂരിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. 14 അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. 160 പോലീസുകാരെ കൂടി ഇവിടങ്ങളിൽ വിന്യസിച്ചു. കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ പരിശോധിക്കുമെന്ന്  അധികൃതർ അറിയിച്ചു. കേരളത്തിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പരിക്കേറ്റവർ തമിഴ്നാട്ടിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത ശക്തമാക്കുമെന്നും അറിയിപ്പിലുണ്ട്.

കഴിഞ്ഞ ദിവസമാണ് വയനാട് പെരിയ ചപ്പാരത്ത് മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് ചന്ദ്രു, ഉണ്ണിമായ എന്നിവർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അഞ്ചം​ഗ സംഘമാണ് പെരിയയിലെത്തിയത്. ഏറ്റുമുട്ടൽ നടക്കുന്നതിനിടെ രണ്ട് മാവോയിസ്റ്റുകൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇവർക്കായി കണ്ണൂർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവർക്ക് വെടിയേറ്റിരുന്നോ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്.

കണ്ണൂർ അയ്യൻകുന്നിലും മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു. അയ്യൻകുന്നിൽ വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായുള്ള തെരച്ചില്‍ തുടര്‍ന്ന് തണ്ടർബോൾട്ട് സംഘം. ഞെട്ടിത്തോട് ഉൾവനത്തിലും കർണാടക അതിർത്തി വനമേഖലയിലുമാണ് വ്യാപക തെരച്ചിൽ.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ ഒരു മാവോയിസ്റ്റിന് സാരമായ പരിക്കേറ്റെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കൂടാതെ കഴിഞ്ഞ ദിവസം കോഴിക്കോട് കളക്ടർക്കും മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe