കേരളത്തില്‍ ആറുമാസം കൂടി അരിവില ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്ന് മില്ലുടമകള്‍

news image
Sep 27, 2022, 3:04 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്ത് അരിവില ആറ് മാസം കൂടി ഉയർന്ന് നിൽക്കുമെന്ന് മില്ലുടമകൾ. ആന്ധ്രയിൽ മാർച്ചോടെ വിളവെടുപ്പ് തുടങ്ങി ജയ അരി എത്തിത്തുടങ്ങിയാൽ മാത്രമേ വില കുറയൂ. ഇതിനിടയിൽ അരിവില കുറയ്ക്കണമെങ്കിൽ സർക്കാർ ഇടപെട്ട് പഞ്ചാബിൽ നിന്ന് നെല്ല് ഇറക്കുമതി ചെയ്യണമെന്നും മില്ലുടമകൾ പറയുന്നു.

സംസ്ഥാനത്ത് ഒരു വർഷം ആവശ്യമുള്ളത് 40 ലക്ഷം ടൺ അരി. ഇതിന്‍റെ നാലിലൊന്ന് മാത്രമാണ് സംസ്ഥാനത്തെ ഉത്പാദനം. ബാക്കിയുള്ളതിന് അയൽ  സംസ്ഥാനങ്ങളെ ആശ്രയിക്കണം. 40ൽ 22 ലക്ഷം ടണ്ണും വിറ്റുപോകുന്നത് വെള്ള അരിയായ ജയ. ആന്ധ്രയിൽ നിന്നാണ് വെള്ള അരിയുടെ വരവ്.

കാലാവസ്ഥ വ്യതിയാനം നിമിത്തം ആന്ധ്രയിൽ കഴിഞ്ഞ വിളവെടുപ്പ് വെള്ളത്തിലായി. ഇതോടെ സംസ്ഥാനത്ത് 40 രൂപയിൽ നിന്നിരുന്ന അരി വില 50ന് മുകളിലേക്കെത്തി. ആന്ധ്രയിൽ അടുത്ത മാസം വിളവെടുപ്പുണ്ടെങ്കിലും ഇത് തദ്ദേശീയ പ്രിയമുള്ള നേരിയ അരിയാണ്.

ജയ,സുരേഖ തുടങ്ങിയ പേരുകളിലുള്ള വെള്ള അരിയുടെ വിളവെടുപ്പ് അടുത്ത മാർച്ചിൽ മാത്രം. ഈ സാഹചര്യത്തിൽ അരി വില കുറയണമെങ്കിൽ പഞ്ചാബിൽ നിന്ന് അരി ഇറക്കുമതി ചെയ്യണം. സംസ്ഥാനത്ത് വിറ്റുപോകുന്നതിൽ ഏഴര ലക്ഷം ടൺ മട്ട അരിയാണ്.

തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് മട്ട വരുന്നത്. കാലവസ്ഥ വ്യതിയാനം നിമിത്തം ഇവിടെയും കഴിഞ്ഞ വിള നശിച്ചു. അടുത്ത മാസങ്ങളിൽ രണ്ട് സംസ്ഥാനത്തും വിളവെടുപ്പുണ്ട്. ഇതോടെ മട്ട അരിയുടെ വില കുറയുമെന്നാണ് കണക്കുകൂട്ടൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe