കൊച്ചിയിൽ കുഞ്ഞിനെ കൊന്ന കേസ്; അമ്മയും പങ്കാളിയും അറസ്റ്റിൽ

news image
Dec 5, 2023, 2:32 pm GMT+0000 payyolionline.in

കൊച്ചി: കൊച്ചിയില്‍ പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മ അശ്വതി (25) യും പങ്കാളി ഷാനിഫ്  (25) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നടന്നത് നടുക്കുന്ന കൊലപാതകമാണെന്നും കുഞ്ഞ് ജനിച്ച അന്ന് മുതല്‍ ഷാനിഫ് കൊല്ലാന്‍ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

ഡിസംബര്‍ ഒന്നിനാണ് ഷാനിഫും അശ്വതിയും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജില്‍ മുറിയെടുത്തത്. മൂന്നാം തിയതി പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് കുഞ്ഞുതല ഷാനിഫിന്‍റെ കാല്‍മുട്ടില്‍ ശക്തമായി ഇടിപ്പിച്ചു. തലക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ശരീരത്തില്‍ കടിച്ച ഷാനിഫ് കുഞ്ഞ് കരയുന്നില്ലെന്ന് കണ്ടതോടെ മരണം ഉറപ്പാക്കി. തുടര്‍ന്ന് നേരം വെളുത്തപ്പോഴാണ് മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലേക്ക് തിരിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.നേരത്തെ മറ്റൊരാളുമായുള്ള അടുപ്പത്തില്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു അശ്വതി.

പിന്നീടാണ് ഇന്‍സ്റ്റഗ്രാം വഴി ഷാനിഫിനെ പരിചയപ്പെടുന്നതും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തതും. കുഞ്ഞ് ബാധ്യതയാകുമെന്ന് അന്ന് മുതല്‍ അശ്വതിയോട് പറഞ്ഞെന്ന് ഷാനിഫ് പൊലീസിന് മൊഴി നല്‍കി. ജനിച്ചത് മുതല്‍ കുഞ്ഞിനെ പലവിധത്തില്‍ ഷാനിഫ് ഉപദ്രവിച്ചിരുന്നു. ചെറിയ പരിക്കുകളുണ്ടാക്കി ആശുപത്രിയിലെത്തിച്ച് വേണ്ട പരിചരണം കൊടുക്കാതെ സ്വാഭാവിക മരണത്തിലേക്ക് തള്ളിവിടാനായിരുന്നു ശ്രമം. ഇതെല്ലാം പരാജയപ്പെട്ടതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്. കൃത്യത്തിന് രണ്ട് ദിവസം മുന്‍പ് തന്നെ കുഞ്ഞിനെ കൊല്ലുമെന്ന് അശ്വതിയോട് പറഞ്ഞിരുന്നു. താന്‍ നല്ല ഉറക്കത്തിലായിരുന്നുവെന്നും ഒന്നും അറിഞ്ഞില്ല എന്നുമാണ് അശ്വതി ആദ്യം പറഞ്ഞത്. കുറ്റകൃത്യം അറിഞ്ഞിട്ടും എല്ലാ മറച്ചുവച്ച അശ്വതി സ്വാഭാവികമായും കേസില്‍ പ്രതിയാവുമെന്ന് പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe