കൊച്ചി മെട്രോ സ്റ്റേഷനില്‍ വാരിയൻകുന്നന്‍റെ ചിത്രങ്ങള്‍; പിന്നില്‍ ഗൂഢലക്ഷ്യമെന്ന് വത്സന്‍ തില്ലങ്കേരി

news image
Sep 21, 2022, 3:06 pm GMT+0000 payyolionline.in

കൊച്ചി: കൊച്ചി മെട്രോയുടെ വടക്കേക്കോട്ട സ്റ്റേഷനിൽ  വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് വീണ്ടും രംഗത്ത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടും ചിത്രങ്ങൾ സ്ഥാപിച്ചതിന് പിന്നിൽ ഗൂഡലക്ഷ്യങ്ങൾ ഉണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് വത്സൻ തില്ലങ്കേരി പറഞ്ഞു. മെട്രോ സ്റ്റേഷൻ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രങ്ങൾ നീക്കം ചെയ്യാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൊച്ചിയിൽ പറ‍ഞ്ഞു.

കൊച്ചിയില്‍ മെട്രോ സ്റ്റേഷനില്‍  വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ഹിന്ദു ഐക്യ വേദിയും നേരത്തെയും രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ നീക്കാന്‍ സ്ഥാപിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് വാരിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രം സ്ഥാപിച്ചിട്ടുള്ളത്. വാരിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രത്തിനൊപ്പം  മലബാര്‍ കലാപത്തെക്കുറിച്ചുള്ള ചെറു വിവരണവും വടക്കേക്കോട്ട സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ബിജെപി, ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സ്റ്റേഷനകത്ത് കയറി ചിത്രത്തിനു മുകളില്‍ പോസ്റ്റര്‍ പതിക്കാൻ ശ്രമിച്ച രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരുണ്‍ ,കെ.എസ് ഉണ്ണി എന്നിവരെ കൊച്ചി മെട്രോ സ്റ്റേഷൻ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

ഓരോ സ്റ്റേഷനിലും ഓരോ വിഷയത്തെ ആസ്പദമാക്കി ചിത്രങ്ങളും ചെറു വിവരണങ്ങളുമെന്നതാണ്  കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ തുടരുന്ന രീതി. ഇതിന്‍റെ ഭാഗമായാണ് വടക്കേക്കോട്ട സ്റ്റേഷനില്‍ ഇന്ത്യൻ സ്വാതന്ത്യ സമരത്തില്‍ കേരളത്തിന്‍റെ പങ്ക് എന്ന വിഷയമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായാണ് മലബാര്‍ കലാപത്തിന്‍റെ വിവരണവും ചിത്രങ്ങളും സ്റ്റേഷനില്‍ സ്ഥാപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe