കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കം പ്രതിയായ കൊടകര കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ നൽകുമെന്നും ഇ.ഡി ഹൈകോടതിയെ അറിയിച്ചു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽനിന്ന് ബി.ജെ.പിക്കുവേണ്ടി കേരളത്തിൽ കള്ളപ്പണം എത്തിച്ചതായാണ് കേസ്. കേരളത്തിലേക്ക് കൊണ്ടുവന്ന 25 ലക്ഷം രൂപയും കാറും തൃശൂർ ജില്ലയിലെ കൊടകരയിൽവെച്ച് കൊള്ളയടിച്ചതിനെത്തുടർന്ന് ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
കണക്കിൽപെടാത്ത 3.5 കോടി രൂപകൂടി കൊള്ളയടിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നുവെന്ന് മുൻ ബി.ജെ.പി ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് പറഞ്ഞിരുന്നു.
ആറു ചാക്കുകളിയി ധർമ്മരാജനെത്തിച്ച പണത്തിൽ മൂന്ന് ചാക്കുകളിലെ പണം ബി.ജെ.പി ജില്ലാ ട്രഷറർ ആയിരുന്ന സുജയ് സേനൻ കടത്തിക്കൊണ്ടുപോയെന്നും തെരഞ്ഞെടുപ്പിനു ശേഷം ബാക്കി വന്ന ഒന്നരക്കോടി രൂപ ബി.ജെ.പി ജില്ലാ അധ്യക്ഷൻ കെ.കെ. അനീഷ് കുമാറും ജില്ലാ സെക്രട്ടറി കെ.ആർ ഹരിയും ചേർന്ന് ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയെന്നുമാണ് തിരൂർ സതീഷ് ആരോപിച്ചത്.