കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആക്രമിക്കപ്പെട്ട ഡോക്ടർക്ക് ഏറ്റത് ആറു കുത്തുകൾ. മുതുകിൽ ആറു കുത്തേറ്റുവെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെയാണ് പ്രതി കുത്തിയത്. രണ്ടുപേരെ അടിക്കുകയും ചെയ്തു.
ഡോക്ടർ വന്ദന മേനോൻ, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി എന്നിവർക്കാണ് കുത്തേറ്റത്. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡോക്ടർ മരിച്ചു. ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം.
നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് പ്രതി. ഡീ അഡിക്‌ഷൻ സെന്ററിൽനിന്ന് എത്തിയ ആളാണ്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റിരുന്നു. തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറെ കുത്തുകയായിരുന്നു.