കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അത്ര പരിചയമുള്ള ആളല്ല, ആക്രമണം ഉണ്ടായപ്പോൾ ഭയന്നെന്ന് ആരോഗ്യമന്ത്രി

news image
May 10, 2023, 6:16 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന കാര്യമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്നതെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. പൊലീസുകാരുടെ മധ്യത്തിലാണ് സംഭവം നടന്നത്. പൊലീസുകാർക്കും ആക്രമണത്തിൽ പരുക്കേറ്റു.

സാധാരണ മെഡിക്കൽ കോളജിലാണ് പൊലീസ് എയ്ഡ് പോസ്റ്റുള്ളത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എയ്ഡ് പോസ്റ്റുണ്ടായിരുന്നു. അവിടെ സിഎംഒയും ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട യുവതി ഹൗസ് സർജനാണ്. അത്ര പരിചയമുള്ള ആളല്ല. ആക്രമണം ഉണ്ടായപ്പോൾ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടർമാർ അറിയിച്ച വിവരം. വളരെ വിഷമകരമായ സംഭവമാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളിൽ അതിശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

ആക്രമണം തടയാൻ 2012ൽ നിയമം കൊണ്ടുവന്നു. അതിനെ കൂടുതൽ ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ചു. നിയമം കൂടുതൽ ശക്തമാക്കാൻ പ്രവർത്തനം നടക്കുന്നു. ഓർഡിനൻസ് ഇറക്കാനാണ് ആലോചന. ആശുപത്രികളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നത്. വനിതാ ഡോക്ടർക്ക് ഓടാൻ കഴിയാതെ വീണുപോയപ്പോഴാണ് ആക്രമിച്ചത്. രാത്രികാലങ്ങളിൽ ലഹരി ഉപയോഗിച്ച് ചികിസയ്ക്ക് എത്തുന്നവരെ എങ്ങനെ പരിശോധിക്കണം എന്നതിനെ സംബന്ധിച്ച് കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തി. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാർ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നു പുലർച്ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്.  പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe