കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; തിരുവാഭരണങ്ങൾ ഇന്നെത്തും

news image
May 16, 2022, 7:06 pm IST payyolionline.in

കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള്‍ വരവും നെയ്യാട്ടവും ഇന്നലെ നടന്നതോടെ ഇനിയുളള 28 നാള്‍ കൊട്ടിയൂര്‍ ക്ഷേത്രവും പരിസര പ്രദേശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ഭക്തിസാന്ദ്രമാകും. ആദിപരാശക്തിയുടെ വാള്‍ വയനാട്ടിലെ മുതിരേരി കാവില്‍ നിന്നും എഴുന്നള്ളിച്ച് ഇന്നലെ സന്ധ്യയോടെയാണ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തിയത്. നൂറുകണക്കിന് ഭക്തര്‍ വാളിനെ വരവേല്‍ക്കാന്‍ ക്ഷേത്രസന്നിധിയിലും മുതിരേരി മുതല്‍ കൊട്ടിയൂര്‍ വരേയുളള പാതയുടെ ഇരുവശങ്ങളിലുമെത്തിച്ചേര്‍ന്നിരുന്നു.

വാള്‍ ഇക്കരെ ക്ഷേത്രസന്നിധിയിലെത്തിയയുടനെ നെയ്യമൃത് വ്രതക്കാര്‍ അക്കരെ പ്രവേശിച്ചു. തുടര്‍ന്ന് നെയ്യഭിഷേകം നടന്നു. നെയ്യമൃത് മഠങ്ങളില്‍ നിന്നുമെത്തി തിരുവഞ്ചിറയില്‍ അഭിഷേക മുഹൂര്‍ത്തത്തിനായി കാത്തു നിന്ന വ്രതക്കാര്‍ നെയ്യാട്ടത്തിന് മൂഹുര്‍ത്തമറിയിച്ച് രാശി വിളിച്ചതോടെ ആദ്യാവകാശിയായ വില്ലിപ്പാലന്‍ കുറുപ്പിന്റെ നെയ്യ് അഭിഷേകം ചെയ്തു. അതിനുശേഷം തമ്മേങ്ങാടന്‍ നമ്പ്യാരുടെയും നെയ്യ് അഭിഷേകം നടന്നു.

ഉത്സവത്തിന്റെ സുപ്രധാന ചടങ്ങായ ഭണ്ഡാര എഴുന്നള്ളത്ത് ഇന്ന് നടക്കും. മണത്തണ കരിമ്പന ഗോപുരത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങളും ഭണ്ഡാരങ്ങളും സന്ധ്യയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. അര്‍ദ്ധരാത്രിയോടെ അക്കരെ സന്നിധിയിലെത്തുന്നതോടെ സ്ത്രീകള്‍ക്കും അക്കരെ സന്നിധിയില്‍ പ്രവേശനം അനുവദിക്കും.

ഇതോടെ വരുംദിവസങ്ങളില്‍ ഭക്തജനത്തിരക്കേറും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായി ഉത്സവങ്ങള്‍ നടന്നതു കൊണ്ടുതന്നെ ഇത്തവണ വലിയ ഭക്തജനതിരക്കാണ് അധികൃതര്‍ കൊട്ടിയൂരില്‍ പ്രതീക്ഷിക്കുന്നത്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗോകുല്‍ പുന്നാട് അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe