കോഴിക്കോട്∙ കട്ടിപ്പാറയിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം. കസ്റ്റഡിയിലെടുത്ത സഹോദരി ഭര്‍ത്താവ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച പ്രതി കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും വെളിപ്പെടുത്തി. ലീലയുടെ ഏക മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജന്‍. ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് കാക്കണാഞ്ചേരി ആദിവാസി കോളനിയിലെ 53കാരി ലീലയെ കാണാതായത്. ഭക്ഷ്യധാന്യങ്ങള്‍ തേടി കാട്ടില്‍ പോയ ലീല തിരികെ വന്നില്ലെന്നാണ് ഭര്‍ത്താവടക്കം പറഞ്ഞത്.
എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടതോടെ ലീലയ്ക്കായി തിരച്ചില്‍ തുടങ്ങി. കാണാതായി 20 ദിവസങ്ങള്‍ക്കുശേഷം അമരാടന്‍ മലയില്‍ വെച്ച് ലീലയുടെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. ലീലയുടെ മരണം കൊലപാതകമാണെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. കാട്ടിലേക്കുപോയ ലീലക്കൊപ്പം ലീലയുടെ മകനെ കൊന്ന കേസിലെ പ്രതിയായ സഹോദരീ ഭര്‍ത്താവ് രാജനും പോയെന്നത് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജനുള്‍പ്പടെ 4 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കാട്ടില്‍വച്ച് ലീലയെ രാജന്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും പിടിച്ചുമാറ്റാന്‍ ചെന്ന ബന്ധുക്കളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സാക്ഷിമൊഴി. സംഭവസമയത്ത് കാട്ടില്‍ നിന്നു ലഭിച്ച വ്യാജമദ്യം കുടിച്ച് അബോധവസ്ഥയിലായിരുന്നു ലീലയുടെ ഭര്‍ത്താവ്. പിന്നീട് ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞെങ്കിലും രാജനെ പേടിച്ച് ആരോടും പറഞ്ഞില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനു പുറമേ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും കൊലപാതകമാണെന്ന് വ്യക്തമാക്കിയിരുന്നു.
ഇതോടെ ലീലയുടെ മരണം കൊലപാതകമാണെന്നും രാജനാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് രാജന്‍ കുറ്റം സമ്മതിച്ചത്. നാലു വര്‍ഷം മുന്‍പ് ലീലയുടെ ഏക മകനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.