കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കെതിരായ എല്ലാ കേസുകളും മധ്യപ്രദേശിലേക്ക് മാറ്റി

news image
Apr 24, 2023, 10:21 am GMT+0000 payyolionline.in

ന്യൂഡൽഹി: ഹിന്ദു മത വികാരത്തെ വൃണപ്പെടുത്തി എന്ന് ആരോപിച്ച് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കെതിരേ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും മധ്യപ്രദേശിലേ ഇൻഡോറിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവ്. ഡൽഹിയിലെ പ്രൊഡക്ഷൻ വാറന്റിൽ നിന്ന് ഫാറൂഖിക്ക് അനുവദിച്ച ഇടക്കാല സംരക്ഷണം മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതായും ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

2021 ഫെബ്രുവരി അഞ്ചിനാണ് മധ്യപ്രദേശ് ഹൈകോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി മുനവ്വർ ഫാറൂഖിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. 2021 ജനുവരിയിൽ ഇൻഡോറിലെ ഒരു ഷോയ്ക്കിടെ മുനവ്വർ “ഹിന്ദു ദേവന്മാരെയും ദേവതകളെയും അപമാനിച്ചു” എന്നാരോപിച്ചാണ് വിവിധ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ബി.ജെ.പി എം.എൽ.എ മാലിനി ലക്ഷ്മൺ സിങിന്‍റെ മകൻ ഏക് ലവ്യ സിങ് ഗ്വാദ് ആദ്യം കേസുമായി രംഗത്തെത്തിയത്.

മുനവ്വർ പരിപാടിക്കിടെ ഹിന്ദു ദേവതകളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറിച്ച് തമാശകൾ ഉണ്ടാക്കിയെന്നാണ് ആരോപണം. കേസിൽ അറസ്റ്റിലായ മുനവർ ഫാറൂഖി ഒരു മാസം ജയിലിൽ കിടക്കേണ്ടിവന്നിരുന്നു. പുറത്തിറങ്ങിയ ശേഷം അദ്ദേഹത്തിന്റെ പല ഷോകളും റദ്ദാക്കി. പലയിടത്തും പരിപാടികൾ അലങ്കോലമാക്കാൻ ഹിന്ദുത്വ തീവ്രവാദികൾ സംഘർഷവുമായി എത്തുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe