കൊയിലാണ്ടിയിൽ കുടുംബശ്രീ വിജയ കഥ കോഴിക്കോടൻ വികസന ഗാഥ

news image
Jul 28, 2023, 1:05 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആരംഭിച്ച ഒരു പ്രസ്ഥാനം സംസ്ഥാനം കീഴടക്കാൻ ഒരുങ്ങുന്നു.ഒരു കുടക്കീഴിൽ അമ്പതിനടുത്ത് കുടുംബശ്രീ ഉൽപ്പാദനയൂണിറ്റുകൾ. അവർ ഉൽപ്പാദിപ്പിക്കുന്ന നൂറിനടുത്ത് വിവിധങ്ങളായ പ്രാദേശിക ഉൽപ്പന്നങ്ങൾ. അവ വീടുകളിൽ സ്ഥിരമായി എത്തിച്ചു നൽകുന്നതിന്  ആയിരത്തിധികം  ഹോംഷോപ്പ് ഉടമകൾ!  എന്താ? അവിശ്വസനീയമായി തോന്നുന്നുണ്ടോ! വിശ്വസിച്ചേ പറ്റൂ.. കോഴിക്കോട് ജില്ലയിൽ, കൊയിലാണ്ടി കേന്ദ്രീകരിച്ച് കുടുംബശ്രീ ജില്ലാമിഷന് കീഴിൽ കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി വിജയകരമായി നടന്നുവരുന്ന പുതിയൊരു വികസനമാതൃകയാണിത് ! കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി.
കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി കോഴിക്കോട് ജില്ലയുടെ അഭിമാന പദ്ധതിയായി വളരുകയാണ്. പതുക്കെയത് സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിലേക്കും പടർന്നുകൊണ്ടിരിക്കുന്നു ! നാടിന് ആവശ്യമുള്ളതിൽ ആവുന്നതൊക്കെയും അതാത് പ്രദേശത്തുതന്നെ ഉൽപ്പാദിപ്പിക്കുകയും സ്വാശ്രയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം അഭിമാനമുള്ള ജനതയുടെ ശീലമാക്കി മാററുകയും ചെയ്യുക എന്ന ഗാന്ധിജിയുടെ ‘സ്വാശ്രയ ഗ്രാമം’ എന്ന സ്വപ്നത്തെ ഏടുകളിലെ മൃതാക്ഷരങ്ങളിൽ നിന്നും പ്രായോഗികതയുടെ വിജയഗാഥയാക്കി പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് കുടുംബശ്രീ !
പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് വാർഡുകൾ തോറും ഹോംഷോപ്പുകൾ സ്ഥാപിച്ച്, ഉല്പാദന – വിതരണ – വിപണന രംഗങ്ങളിലായി കോഴിക്കോട് ജില്ലയിൽ മാത്രം ഇതുവരെയും ആയിരത്തി അഞ്ഞൂറോളം വനിതകൾക്ക് സുസ്ഥിരമായ  തൊഴിൽ ലഭ്യമാക്കിയിരിക്കുകയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയിലൂടെ.
2010 ജൂലൈ 29ന് കൊയിലാണ്ടിയിൽ വച്ചായിരുന്നു ഉദ്ഘാടനം. അന്ന് 9 ഉൽപ്പന്നങ്ങളും 25 ഹോംഷോപ്പ് ഉടമകളും മാത്രമാണ് ഉണ്ടായിരുന്നത്. 13 വർഷങ്ങൾ പിന്നിടുമ്പോൾ കോഴിക്കോട് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പടർന്ന് പന്തലിക്കുകയും പദ്ധതി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ന് അമ്പതിൽപ്പരം ഉൽപാദന യൂണിറ്റുകളും നൂറിലധികം ഉൽപ്പന്നങ്ങളും ആയിരത്തിൽപരം ഹോംഷോപ്പ് ഉടമകളുമുണ്ട് ! ഹോംഷോപ്പ് പദ്ധതിക്ക് കീഴിലുള്ള കുടുംബശ്രീ ഉൽപാദന യൂണിറ്റുകളിൽ മാത്രം അഞ്ഞൂറിനടുത്ത് വനിതകൾക്ക് തൊഴിലും സ്ഥിരവരുമാനവുമുണ്ട് ! ഓഫീസ് ജീവനക്കാരും കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർമാരും ഡ്രൈവർമാരുമുൾപ്പെടെ 1600ൽ പരം ആളുകൾക്ക് തൊഴിൽ നൽകുന്ന വലിയൊരു പ്രസ്ഥാനമായി കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി ഇതിനകം തന്നെ മാറിക്കഴിഞ്ഞു !
കോഴിക്കോടിന്റെ ഈ വികസനമാതൃക മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന് സംസ്ഥാന മിഷൻ നേതൃത്വം നൽകുകയും ഇന്ന് നിരവധി ജില്ലകളിൽ വിജയകരമായ രീതിയിൽ പദ്ധതി നടന്നുവരികയും ചെയ്യുന്നു. മലപ്പുറം ജില്ലയിൽ പദ്ധതിക്ക് നേരിട്ട് നേതൃത്വം നൽകുന്നത് പ്രസാദിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് ജില്ലാ മാനേജ്മെൻറ് ടീം തന്നെയാണ്. ഉദ്ഘാടനം നടന്നിട്ട് ഒരു വർഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും മലപ്പുറം ജില്ലയിലെ ഏഴ് ബ്ലോക്കുകളിൽ ഇതിനകം തന്നെ പദ്ധതി വ്യാപിച്ചു കഴിഞ്ഞു ! ചുരുങ്ങിയ കാലം കൊണ്ടു തന്നെ 1200 ൽ അധികം കുടുംബങ്ങൾ മലപ്പുറം ജില്ലയിൽ ഹോംഷോപ്പ് പദ്ധതി കൊണ്ട് ഉപജീവനം നടത്തുന്നു ! ബാക്കിയുള്ള ബ്ലോക്കുകളിലേക്കുകൂടി വ്യാപിപ്പിക്കുമ്പോൾ 3000 വനിതകൾക്കെങ്കിലും തൊഴിൽ നൽകാൻ കഴിയുമെന്ന് മലപ്പുറം ജില്ലാ മിഷൻ കോഡിനേറ്റർ ജാഫർ കക്കൂത്ത് പ്രത്യാശ പ്രകടിപ്പിച്ചു. മറ്റു ജില്ലകളിലും പദ്ധതിക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നതും കോഴിക്കോട് ജില്ലയിലെ മാനേജ്മെന്റ് ടീം തന്നെയാണ്.
പദ്ധതിയിൽ പ്രവർത്തിച്ചുവരുന്ന ഹോംഷോപ്പ് ഉടമകൾക്ക് ഉയർന്ന കമ്മീഷന് പുറമേ നിരവധി സർക്കാർ അനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും ഏർപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളത് കുടുംബശ്രീയുടെ മറ്റെല്ലാ പദ്ധതികളിൽ നിന്നും ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നു. പൂർണ്ണമായ പരിശീലന ചെലവ് വഹിക്കുന്നതിനുപുറമേ ബാഗ്, ഐഡി കാർഡ്, യൂണിഫോം എന്നിവ കുടുംബശ്രീ മിഷനാണ് സൗജന്യമായി നൽകുന്നത്. ടൂവീലർ വാങ്ങുന്നതിന് 80000 രൂപ പലിശരഹിതവായ്പയും സംരംഭക ലോണായി 50,000 രൂപവരെ പലിശരഹിത വായ്പയും ഹോംഷോപ്പ് ഉടമകൾക്ക് ലഭിക്കും. ഹോംഷോപ്പ് ഉടമകളുടെ മക്കൾക്ക് 1200 രൂപ വീതം വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഹോംഷോപ്പ് ഉടമയ്ക്കും കുടുംബാംഗങ്ങൾക്കുമുള്ള
പതിനായിരം രൂപ വരെയുള്ള ചികിത്സാധനസഹായപദ്ധതി, മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന മുഴുവൻ ഹോംഷോപ്പ് ഉടമകൾക്കും മൂന്നുമാസം കൂടുമ്പോൾ സൗജന്യമായി ഭക്ഷ്യധാന്യ കിറ്റ് നൽകിവരുന്ന പദ്ധതി എന്നിവയ്ക്കെല്ലാം പുറമേ പ്രോവിഡൻറ് ഫണ്ടിന് സമാനമായുള്ള ‘ശ്രീനിധി’സമ്പാദ്യ പദ്ധതിയിൽ മുഴുവൻ ഹോംഷോപ്പ് ഉടമകൾക്കും അംഗത്വവും നൽകി വരുന്നു ! ഇതെല്ലാം കൊണ്ടായിരിക്കണം ‘സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് ‘ ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഹോംഷോപ്പ് പദ്ധതിയെ തേടിയെത്തിയത്.
ആദ്യകാലത്ത് പദ്ധതിയിലേക്ക് ഹോംഷോപ്പ് ഉടമകളെ സംഘടിപ്പിക്കുക എന്നത് പ്രയാസകരമായിരുന്നെങ്കിൽ ഇപ്പോൾ ശുപാർശകളുമായാണ് വനിതകൾ വന്നുചേരുന്നതെന്ന വ്യത്യാസമുണ്ടെന്ന് പദ്ധതിയുടെ സെക്രട്ടറി കൂടിയായ പ്രസാദ് കൈതക്കൽ പറഞ്ഞു. പ്രസാദ് കൈതക്കലിനെ കൂടാതെ കാദർ വെള്ളിയൂർ, സി.ഷീബ, കെ. ഇന്ദിര, സതീശൻ സ്വപ്നക്കൂട് എന്നിവരടങ്ങിയ മാനേജ്മെൻറ് ടീമാണ് ഇതുവരെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതിൽ സി.ഷീബയ്ക്ക് സർക്കാർ ജോലി ലഭിച്ചത് കാരണം ഇപ്പോൾ മാനേജ്‌മെന്റ് ടീമിലില്ല.
ഈ വർഷം മുതൽ തുണിത്തരങ്ങൾ കൂടി വിപണനത്തിൽ ഉൾപ്പെടുത്തും. ചില സിഡിഎസുകളിൽ ഇനിയും ഹോംഷോപ്പ് ഓണർമാർ ഇല്ലാത്ത വാർഡുകളുണ്ട്. അത്തരം വാർഡുകളിലേക്ക് കൂടി ഈ വർഷം പദ്ധതി വ്യാപിപ്പിക്കണമെന്നാണ് മാനേജ്മെൻറ് ടീം ലക്ഷ്യം വെക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe