കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ തീയറ്റർ ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കുലശേഖരപുരം സ്വദേശി ആഷിഖിനെയാണ് കരുനാഗപ്പളളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ സിനിമ കാണാൻ തീയറ്ററിലെത്തിയ ആഷിഖ് മറ്റൊരാൾ ബുക്ക് ചെയ്ത സീറ്റിൽ ഇരിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തീയറ്ററിലെ ഡ്യൂട്ടി ഓഫീസറെത്തി സീറ്റ് മാറി ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതി ഇതിന് തയ്യാറായില്ല. തുടര്‍ന്ന് തര്‍ക്കമുണ്ടായി. പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ആഷിഖ് ഡ്യൂട്ടി ഓഫീസർക്ക് നേരെ വീശി. ഇത് തടയാൻ ശ്രമിച്ച ജീവനക്കാരെയാണ് പ്രതി കുത്തി വീഴ്ത്തിയത്.
തീയറ്റർ ജീവനക്കാരായ അനീഷ്, അഭിജിത്ത്, അഖിൽ എന്നിവര്‍ക്ക് പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ കരുനാഗപ്പള്ളി പൊലീസ് ബലപ്രയോഗത്തിലൂടെയാണ് ആഷിഖിനെ കീഴ്പ്പെടുത്തിയത്. തീയറ്റര്‍ ജീവനക്കാരുടെ പരാതിയിൽ ആഷിഖിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആഷിഖ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെ അക്രമിച്ച കേസിലും പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.