പയ്യോളി: കൊളാവിപ്പാലം ഈറ്റില്ലത്തിൽ മുട്ടയിടാൻ കടലാമയെത്തി. കഴിഞ്ഞ ഒക്ടോബർ മുതൽ ‘തീരം പ്രവർത്തകർ’ കാത്തിരുന്നെങ്കിലും സീസൺ കഴിയാറായപ്പോഴാണ് ആമ മുട്ടയിടാൻ പയ്യോളി തീരത്തെത്തിയത്. 117 മുട്ടകളാണ് ലഭിച്ചത്. മത്സ്യത്തൊഴിലാളി വളപ്പിൽ മധു വിവരമറിയിച്ചതിനെ തുടർന്ന് തീരം പ്രവർത്തകരെത്തി മുട്ടകൾ ശേഖരിച്ച് കൊളാവി തീരത്തെ ഹാച്ചറിയിലേക്ക് മാറ്റി.
സൂര്യപ്രകാശത്തിൽ 45 മുതൽ 60 ദിവസം കൊണ്ട് മുട്ടകൾ വിരിഞ്ഞിറങ്ങും. ഒരിഞ്ച് നീളവും 50 ഗ്രാം തൂക്കവുമാണ് ശരാശരി ഒരു കടലാമ കുഞ്ഞിനുണ്ടാകുക. വിരിഞ്ഞിറങ്ങുമ്പോൾ ഏതു ഭാഗത്തേക്ക് തിരിച്ചു വച്ചാലും കടലിന്റെ ഭാഗത്തേക്ക് മാത്രം ഇവ യാത്രയാകും. കടലിൽ നിന്ന് 30 മീറ്റർ കരയിലേക്ക് മാറിയാണ് ആമ മുട്ടയിടുക. മുൻ ചിറക് കൊണ്ട് ഒന്നര അടി താഴ്ചയിൽ കുഴിയെടുത്ത് മുക്കാൽ മണിക്കൂർ കൊണ്ട് മുട്ടയിടൽ പൂർത്തിയാക്കും.
ശേഷം സ്വന്തം ശരീര ഭാഗം കൊണ്ട് അടിച്ചമർത്തി നികത്തി, കയറിവന്ന പാടുകൾ ഇല്ലാതാക്കാൻ ഉണക്ക മണൽ വാരിയെറിഞ്ഞ് കടലിലേക്ക് യാത്രയാകും. ഒരു കടലാമ ശരാശരി 180 മുട്ടകൾ ഇടും. വംശനാശ ഭീഷണി നേരിടുന്ന ‘ഒലിവ് റിഡ്‌ലി’ വിഭാഗത്തിൽ പെടുന്ന കടലാമകളാണ് ഇവിടെ മുട്ടയിടാൻ എത്തുന്നത്.