കോടതിയിൽനിന്ന് ഗ്രോ വാസു തിരിച്ചത് മുദ്രാവാക്യം മുഴക്കി, തുടർവിചാരണ സെപ്റ്റംബർ 4ന്

news image
Aug 25, 2023, 8:41 am GMT+0000 payyolionline.in

കോഴിക്കോട്∙ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസിൽ തുടർവിചാരണ അടുത്തമാസം നാലിന്. റിമാൻഡ് കാലാവധി പൂർത്തിയാക്കിയ ഗ്രോ വാസുവിനെ കുന്നമംഗലം കോടതിയിൽ ഇന്ന് ഹാജരാക്കി. 40 മിനിറ്റോളം നീണ്ട വിചാരണയിൽ കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ എസ്ഐ ഉബൈദുല്ല, എഎസ്ഐ സി.പി. അണ്ടാൽ അസീസ് എന്നിവരെ വിസ്തരിച്ചു. കേസില്‍ ഒന്നു മുതൽ നാലുവരെയുള്ള സാക്ഷികളെയാണു വിളിപ്പിച്ചത്. എന്നാൽ മൂന്നും നാലും സാക്ഷികൾ എത്തിയില്ല. പ്രായമായ ആളാണെന്നും വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്നും മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു.

 

കേസിലെ 7,9,16 സാക്ഷികളോടു നാലാം തിയതി ഹാജരാകാനും ഇന്നു വരാതിരുന്ന നാലാം സാക്ഷിയോടു നിർബന്ധമായും ഹാജരാവാനും കോടതി ആവശ്യപ്പെട്ടു. അന്നത്തെ മെഡിക്കൽ കോളജ് സിഐയോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരെ എതിർ വാദം ഉണ്ടോ എന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിനു രണ്ടു തവണയും ഇല്ലെന്നായിരുന്നു ഗ്രോ വാസുവിന്റെ പ്രതികരണം. കനത്ത സുരക്ഷയാണു കോഴിക്കോട് കുന്നമംഗലം കോടതി പരിസരത്ത് ഒരുക്കിയത്. 94 വയസ്സുള്ള ഗ്രോ വാസുവിനു കോടതിയിൽ ഇരിക്കാൻ സ്റ്റൂൾ അനുവദിച്ചിരുന്നു. കോടതി വരാന്തയിൽ മുദ്രാവാക്യം മുഴക്കിയാണ് ഗ്രോ വാസു തിരിച്ചു പോയത്. കോടതിയിൽനിന്നു തിരിച്ചു പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ ഗ്രോ വാസുവിന്റെ മുഖം ഉദ്യോഗസ്ഥൻ പൊലീസ് തൊപ്പി ഉപയോഗിച്ചു മറച്ചു.

മാവോയിസ്റ്റ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ടു മെഡിക്കൽ കോളജ് മോർച്ചറിക്കു മുൻപിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനും മെഡിക്കൽ കോളജ് പൊലീസ് എടുത്ത കേസിലാണു ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe