തലശ്ശേരി: രണ്ടാം ചരമവാർഷിക ദിനത്തിൽ പ്രിയ നേതാവിന് സ്വവസതിയിൽ സ്മാരകമായി വെങ്കലപ്രതിമ. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വെങ്കലപ്രതിമയാണ് കോടിയേരി മുളിയിൽ നടയിലെ വസതിയിൽ സ്ഥാപിച്ചത്.
മുഖ്യമന്ത്രി പിണറായിവിജയൻ കോടിയേരിയുടെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് പുഷ്പാർച്ചനയുമുണ്ടായി. 30 ഇഞ്ച് ഉയരമുള്ള അർധകായ വെങ്കലപ്രതിമ ശിൽപി എൻ. മനോജ് കുമാറാണ് നിർമിച്ചത്. ശിൽപി എൻ. മനോജ് കുമാറിനും ശ്രീജിത്തിനും മുഖ്യമന്ത്രി ഉപഹാരം നൽകി.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വ്യവസായ മന്ത്രി പി. രാജീവ്, സ്പീക്കർ എ.എൻ. ഷംസീർ, എം.പിമാരായ വി. ശിവദാസൻ, പി. സന്തോഷ് കുമാർ, എഴുത്തുകാരൻ ടി. പത്മനാഭൻ, പന്ന്യൻ രവീന്ദ്രൻ, മുൻ ഡി.ജി.പി ഋഷിരാജ് സിങ്, മുൻ ചീഫ് സെക്രട്ടറി ഭരത്ഭൂഷൺ, ബിലീവേഴ്സ് ചർച്ച് ഔദ്യോഗിക വക്താവ് ഫാദർ സിജോ പന്തപ്പള്ളിൽ, ലിബർട്ടി ബഷീർ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, പി. ശശി, വത്സൻ പനോളി, ടി.വി. രാജേഷ്, ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എം.എൽ.എമാരായ കെ.പി. മോഹനൻ, കെ.വി. സുമേഷ്, എം. വിജിൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, തുടങ്ങി സാമൂഹിക- സാംസ്കാരിക -രാഷട്രീയ രംഗത്തെ പ്രമുഖർ വീട്ടിലെത്തി.