പയ്യോളി : ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതില്‍ എന്നും നാം അവഗണനയാണ് വെച്ച് പുലര്‍ത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. നവീകരിച്ച ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്മാരകം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലി മരക്കാരുടെ നാവിക രീതികള്‍ ഇന്ത്യന്‍ നാവികസേന സ്വീകരിച്ചതില്‍ അഭിമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കെ.ദാസന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കലില്‍ നേവല്‍ മ്യൂസിയം സ്ഥാപിക്കാന്‍ വേണ്ടി താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ പിന്തുണ ഉണ്ടെന്നും അത് യഥാര്ത്ഥമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.
കോട്ടക്കല്‍ ജുമാഅത്ത് പള്ളിയില്‍ വെച്ചിട്ടുള്ള മരക്കാരുടെ കാലത്തെ പുരാവസ്തുക്കള്‍ എല്ലാവര്ക്കും കാണാന്‍ വേണ്ടി മ്യൂസിയത്തിലേക്ക് മാറ്റാന്‍ എല്ലാവരുടെയും സഹകരണവും കേന്ദ്രമന്ത്രി അഭ്യര്‍ഥിച്ചു.
മ്യൂസിയം ഗൈഡ് ബുക്ക് മുല്ലപ്പള്ളി പ്രകാശനം ചെയ്തു. ചടങ്ങിലെ മുഖ്യാതിഥിയായ എം.പി.അബ്ദുള്‍ സമദ് സമദാനി ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്ത കുറ്റിയില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സിന്ധു, വൈസ് പ്രസിഡന്റ് മഠത്തില്‍ അബ്ദുറഹിമാന്, വി.ടി.ഉഷ, കെ.അം.ആബിത, സുജല ചെത്തില്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ: ജി.പ്രേംകുമാര്‍, പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍, പടന്നയില്‍ പ്രഭാകരന്, പി.എം.അസ്സയിനാര്‍, പി.എം.വേണുഗോപാല്‍, എം.ടി.നാണു, മനയില്‍ സുരേന്ദ്രന്, എസ്.വി.റഹ്മത്തുള്ള, ചാര്‍ജ്ജ് ഓഫീസര്‍ കെ.എസ്.ജീവമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്ഥലത്തില്ലാത്ത കെ.സി.ജോസെഫിന് ‘കൊട്ട്’ കൊടുത്ത് മുല്ലപ്പള്ളി
പയ്യോളി : മന്ത്രി കെ.സി.ജോസഫ് സാംസ്കാരിക വകുപ്പ് മന്ത്രിയായത് താനടക്കം മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടാണെന്നും ശരിയായ രീതിയില്‍ ആ വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ കെ.സി.ജോസെഫിന് കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. വരും വര്‍ഷങ്ങളിലെങ്കിലും ശ്രദ്ധേയമായ വകുപ്പായി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു. കുഞ്ഞാലി മരക്കാര്‍ സ്മാരകത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് കെ.സി.ജോസെഫിനെ ‘കുത്തി’ മുല്ലപ്പള്ളി സംസാരിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യേണ്ട, നവീകരിച്ച സ്മാരകം സ്ഥലം എം.പി.കൂടിയായ കേന്ദ്ര മന്ത്രി മുല്ലപ്പള്ളിയുടെ ഇടപെടലിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. മറ്റൊരു ചടങ്ങിനായി കോട്ടക്കലില്‍ എത്തിയ മുല്ലപ്പള്ളി തന്നെ ഒഴിവാക്കി സ്മാരക ഉദ്ഘാടനം നടത്തുന്നതില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് മുല്ലപ്പള്ളിയെ ഉദ്ഘാടകനാക്കി ചടങ്ങ് നടത്തുകയായിരുന്നു. മുല്ലപ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ബ്രോഷര്‍ പ്രകാശനം നടത്തേണ്ടത് കെ.സി.ജോസഫായിരുന്നു. കണ്ണൂരില്‍ ഉണ്ടായിട്ടും പരിപാടിയില്‍ പങ്കെടുക്കാത്ത കെ.സി.ജോസഫിന്റെ വകുപ്പിനെ പരാമര്‍ശിച്ചത് മുല്ലപ്പള്ളിക്കുണ്ടായ നീരസത്തെ തുടര്‍ന്നാണത്രേ.
വികസനത്തിന്റെ പേര് പറഞ്ഞ് എം.എല്‍.എ യും മന്ത്രിയും ഉടക്കി
പയ്യോളി : കുഞ്ഞാലി മരക്കാര്‍ സ്മാരക ഉദ്ഘാടന ചടങ്ങിനിടെ അദ്ധ്യക്ഷ പ്രസംഗത്തില്‍ കെ.ദാസന് എം.എല്‍.എയും സ്ഥലം എം.പി. കൂടിയായ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ഉടക്കി. എം.എല്‍.എ നടത്തിയ പരാമര്‍ശമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഈ മാസം 24 ന് വടകരയില്‍ ഉദ്ഘാടനം ചെയ്യുന്ന തീരദേശ പോലീസ് സ്റ്റേഷന് തുടങ്ങാന്‍ നേരത്തേ തീരുമാനിച്ചിരുന്നത് ഇരിങ്ങല്‍ കോട്ടക്കല്‍ പ്രദേശത്തായിരുന്നു. പയ്യോളി ഗ്രാമ പഞ്ചായത്തിന്റെ കൈ വശമുള്ള മുപ്പത് സെന്റ് സ്ഥലമായിരുന്നു ഇതിനായി കണ്ട് വെച്ചത്. എന്നാല്‍ ഈ തീരുമാനം കാറ്റില്‍ പറത്തി, പ്രദേശ വാസികളുടെ എതിര്‍പ്പ് മറി കടന്ന് വടകര കോട്ടപ്പുഴക്ക് അപ്പുറമുള്ള സാന്‍ഡ് ബാങ്ക്സിലാണ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിനെതിരെയാണ് എം.എല്‍.എ പരാമര്‍ശം നടത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ സ്ഥലം ലഭിക്കാത്തത് കാരണമാണ് സ്റ്റേഷന് മാറ്റാന്‍ നിര്‍ബന്ധമായതെന്ന് പറഞ്ഞ മന്ത്രി കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച സൈക്ലോണ്‍ ഷെല്‍ട്ടര്‍ ആവശ്യത്തിന് പിന്തുണ ലഭിക്കാതെ പാഴായി പോവുകയാണ് ഉണ്ടായതെന്ന് ക്ഷുഭിതനായി പറഞ്ഞു.