കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം; 100 സീറ്റിൽ ഈ വർഷം അഡ്മിഷനെന്ന് മന്ത്രി വീണ ജോർജ്ജ്

news image
Sep 26, 2022, 7:25 am GMT+0000 payyolionline.in

പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഈ വർഷം തന്നെ ഇവിടെ അഡ്മിഷൻ തുടങ്ങും. 100 എംബിബിഎസ് സീറ്റുകൾക്കാണ് അനുവാദം. അതേസമയം മന്ത്രി വീണാ ജോർജ്ജ് ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

 

മറ്റ് പ്രധാന മെഡിക്കല്‍ കോളേജുകളെപ്പോല കോന്നി മെഡിക്കല്‍ കോളേജിനേയും മാറ്റാന്‍ വലിയ പ്രയത്‌നമാണ് നടന്നു വരുന്നതെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സജ്ജമാക്കും. ലേബര്‍ റൂമും ബ്ലഡ് ബാങ്കും യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആര്‍.ഐ., കാത്ത്‌ലാബ്, ന്യൂറോളജി സേവനനങ്ങള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. നിലവിൽ കോന്നി മെഡിക്കല്‍ കോളേജില്‍ ഒപി, ഐപി, അത്യാഹിത വിഭാഗം ആരംഭിച്ചിട്ടുണ്ട്. അക്കാഡമിക് ബ്ലോക്ക് പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി പറയുന്നു.

എന്നാൽ കോന്നി മെഡിക്കൽ കോളേജ് ഇപ്പോഴും ശൈശവ ദശയിലാണ്. 2013ലാണ് കോന്നി മെഡിക്കൽ കോളജ് നിർമാണം തുടങ്ങുന്നത്. 36 മാസത്തിനകം പണി പൂർത്തിയാക്കി പ്രവേശനം നടത്താനായിരുന്നു ലക്ഷ്യം. എന്നാൽ പത്ത് വർഷത്തോളമെടുത്താണ് ഈ ലക്ഷ്യം പൂർത്തിയാകുന്നത്. 2020 സെപ്റ്റംബർ 14 ന് ആഘോഷപൂർവമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്. ഒപി മുതൽ മേജർ ഓപ്പറേഷൻ തിയേറ്റർ വരെ ഉടൻ സജീകരിക്കുമെന്നായിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞത്. എന്നാൽ കൊല്ലം രണ്ടായിട്ടും ഒപി അല്ലാതെ മറ്റ് ചികിത്സാസൗകര്യങ്ങൾ ഇല്ല. അത്യാഹിത വിഭാഗം പേരിന് മാത്രമാണ്. കിടത്തി ചികിത്സ തുടങ്ങയെങ്കിലും അനുബന്ധ പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആളുകൾ എത്തുന്നില്ല. 394 ജീവനക്കാർ തസ്തിക സൃഷ്ടിച്ചു. നിയമനം നൽകിയത് 258 പേർക്ക്. ശസ്ത്രക്രിയ സൗകര്യങ്ങൾ ഇല്ല. പലപ്പോഴും ഫാർമസിയിൽ അത്യാവശ്യ മരുന്നുകളുടെ കുറവും ഉണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe