കോപ്പ അമേരിക്ക: സെമിയിലേക്ക് പന്തടിക്കാന്‍ അർജന്‍റീന; മത്സരം നാളെ പുലർച്ചെ

news image
Jul 3, 2021, 8:13 pm IST payyolionline.in

റിയോ: കോപ്പ അമേരിക്കയിൽ സെമിഫൈനൽ ലക്ഷ്യമിട്ട് അ‍ർജന്‍റീന നാളെയിറങ്ങും. ഇന്ത്യൻസമയം പുലർച്ചെ ആറരയ്ക്ക് തുടങ്ങുന്ന കളിയിൽ ഇക്വഡോറാണ് എതിരാളികൾ. മറ്റൊരു ക്വാർട്ടറിൽ ഉറുഗ്വേ, കൊളംബിയയെ നേരിടും. പുലർച്ചെ 3.30നാണ് ഈ മത്സരം.

കോപ്പയിൽ തോൽവിയറിയാതെ മുന്നേറുകയാണ് അ‍ർജന്‍റീന. എന്നാല്‍ ഇക്കുറി ടൂർണമെന്‍റില്‍ ഇതുവരെ ഇക്വഡോറിന് ജയിക്കാനായിട്ടില്ല. ബ്രസീലിനെ സമനിലയിൽ തളച്ചെത്തുന്ന ഇക്വഡോറിനെ ലിയോണൽ സ്കലോണിയുടെ അ‍‍ർജന്‍റീനയ്ക്ക് നിസാരക്കാരായി കാണാൻ കഴിയില്ല. സീനിയർ ടീമിനൊപ്പം ആദ്യ കിരീടം ലക്ഷ്യമിടുന്ന ലിയോണൽ മെസിയിലാണ് എല്ലാ പ്രതീക്ഷകളും. മൂന്ന് ഗോളും രണ്ട് അസിസ്റ്റുമായി ടൂർണമെന്‍റിലെ താരമാണ് മെസി.

ലൗറ്ററോ മാർട്ടിനസിനൊപ്പം നിക്കോളാസ് ഗോൺസാലസോ അലസാന്ദ്രോ പപ്പു ഗോമസോ മുന്നേറ്റനിരയിൽ മെസിയുടെ പങ്കാളികളാവും. ഗോളി ഫ്രാങ്കോ അർമാനിക്ക് പകരം എമിലിയാനോ മാർട്ടിനസ് തിരിച്ചെത്തും. ക്രിസ്റ്റ്യൻ റൊമേറോ പരിക്കിൽ നിന്ന് മുക്തനാവാത്തതിനാൽ പ്രതിരോധ നിരയിലാണ് ആശങ്ക. മൊളീനയും ഓട്ടമെൻഡിയും സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. പസ്സെല്ല, ടാഗ്ലിയാഫിക്കോ, അക്യൂന എന്നിവരും പരിഗണനയിൽ. മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡസ്, ഗുയ്ഡോ റോഡ്രിഗ് എന്നിവരെത്തും.

നേർക്കുനേർ കണക്ക്

ഇരു ടീമും 36 കളിയിൽ മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുപത്തിയൊന്നിലും ജയം അർജന്‍റീനയ്ക്ക് ഒപ്പം നിന്നു. ഇക്വഡോർ ജയിച്ചതാവട്ടെ അഞ്ച് കളിയിൽ മാത്രം. 10 മത്സരം സമനിലയിൽ അവസാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe