പഞ്ചാബ്: കോളജ് വനിതാ ഹോസ്റ്റലിൽ യുവാവ് കയറിയ സംഭവത്തിൽ രണ്ട് ഗാർഡുമാരെ സസ്പെൻഡ് ചെയ്തു. പഞ്ചാബ് യൂനിവേഴ്സിറ്റി കാമ്പസിലാണ് സംഭവം. പെൺകുട്ടികൾക്കായുള്ള ഹോസ്റ്റൽ നമ്പർ 4 ൽ കയറിയ യുവാവാണ് അരമണിക്കൂറോളം അതിനുള്ളിൽ കറങ്ങിനടന്നത്. സി.സി.ടി.വി പരിശോധനയിലാണ് യുവാവ് ഹോസ്റ്റലിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങൾ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലർച്ചെ 3;45ന് ഹോസ്റ്റലിൽ പ്രവേശിച്ച യുവാവ് 4:03നാണ് തിരികെ പോയത്. ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് യൂനിവേഴ്സിറ്റി ഡീൻ സ്റ്റുഡന്റ്സ് വെൽഫെയർ (ഡി.എസ്.ഡബ്ല്യു) ജതീന്ദർ ഗ്രോവർ പറഞ്ഞു. സമ്പൂർണ സുരക്ഷാ വീഴ്ചയുണ്ടായതായും വിഷയത്തിൽ സർവകലാശാല അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംഭവസമയത്ത് ഗേറ്റിൽ ഇല്ലാതിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ, ഡ്യൂട്ടി സമയത്ത് ഒരു അറ്റൻഡറും മറ്റൊരു സെക്യൂരിറ്റി ഗാർഡും ഉറങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഹോസ്റ്റൽ വാർഡനിൽ നിന്നും മറ്റ് ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടതായും യൂനിവേഴ്സിറ്റി വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകിയതായും ജതീന്ദർ ഗ്രോവർ പറഞ്ഞു.
ഹോസ്റ്റലിൽ കടന്നയാൾ മദ്യലഹരിയിലായിരുന്നെന്നും ഹോസ്റ്റൽ കെട്ടിടത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയെന്നുമാണ് സൂചന. ഇയാൾ പടികയറി മുകളിലത്തെ നിലയിലേക്ക് പോയതായും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.