കോഴിക്കോട്: കോർപറേഷൻ നവീകരിച്ച കണ്ടംകുളം ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹ്മാന്റെ പേരിടാനുള്ള തീരുമാനത്തിനെതിരെ കൗൺസിൽ യോഗത്തിൽ ബി ജെ പി എതിർപ്പുന്നയിച്ചു. ജനങ്ങൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ടെന്നാണ് ബിജെപി നിലപാട്. എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും വേണ്ടിയുള്ള ഹാളിന് ഒരാളുടെ മാത്രം പേരിടരുതെന്നാണ് ആവശ്യം. നേരത്തെ കോർപറേഷൻ കൗൺസിൽ ഐകകണ്ഠേന അംഗീകരിച്ച തീരുമാനമാണിത്. ഈ തീരുമാനമെടുത്തപ്പോൾ ബി ജെ പി എതിർത്തിരുന്നില്ലെന്ന് മേയർ പ്രൊഫ ബീന ഫിലിപ്പ് പ്രതികരിച്ചു. ഒന്നര മാസത്തിന് ശേഷം എതിർപ്പുന്നയിക്കുന്നതിൽ വേറെ ഉദ്ദേശമുണ്ടെന്നും മേയർ പറഞ്ഞു. ബിജെപിയെ എതിർത്ത് എൽഡിഎഫ് കൗൺസിലർമാരും രംഗത്ത് വന്നു.
സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നാളെ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച കോഴിക്കോട് കോർപറേഷന്‍റെ നവീകരിച്ച ജൂബിലി ഹാള്‍ ബിജെപി ഇന്ന് സമാന്തരമായി ഉദ്ഘാടനം ചെയ്തിരുന്നു. ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്‍റെ പേര് നൽകാനുള്ള കോർപറേഷൻ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി ജില്ലാ കമ്മിറ്റി സമാന്തര ഉദ്ഘാടനം നടത്തിയത്. മലബാറിലെ എല്ലാ സ്വാതന്ത്ര്യസമര സേനാനികളുടെയും ഓർമ്മകൾക്ക് വേണ്ടിയാണ് ഹാൾ നിർമ്മിച്ചതെന്നും അത് ഒരാളിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്നാണ് ബിജെപി വാദം. എന്നാൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്‍റെ പേര് ഒരു മതത്തിനൊപ്പം ചേർത്തുവെച്ച് വിവാദമുണ്ടാക്കുന്നത് അദ്ദേഹത്തോട് കാണിക്കുന്ന നീതികേടാണെന്ന് കോർപറേഷൻ സർവകക്ഷി യോഗം അഭിപ്രായപ്പെട്ടു. നാളെ മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം.