കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മുഴുവൻ പെൺകുട്ടികളെയും കണ്ടെത്തി

news image
Jan 28, 2022, 6:17 pm IST payyolionline.in

കോഴിക്കോട്: വെള്ളിമാട്‌കുന്നിലെ ചിൽഡ്രൻസ്‌ ഹോമിൽ നിന്ന്‌ കാണാതായ അഞ്ച്‌ പെൺകുട്ടികളെക്കൂടി കണ്ടെത്തി. ഒരാൾ മൈസുരുവിൽ ബസിൽ സഞ്ചരിക്കുമ്പോഴും മറ്റ്‌ നാലുപേർ മലപ്പുറം നിലമ്പൂരിനടുത്ത എടക്കരയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുമാണ്‌ പിടിയാലായത്‌.

വെള്ളിയാഴ്‌ച ഉച്ചക്ക് 12ന് ടൗണിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇവർ എത്തിയപ്പോൾ സംശയം തോന്നിയ കടയുടമ പോലീസിൽ അറിയിക്കുകയായിരുന്നു. നാല് പേർ ഒരു ബിരിയാണിയാണ് ഓർഡർ ചെയ്‌തത്. ചോദിച്ചപ്പോൾ കൂട്ടുകാരിയുടെ വീട്ടിൽ വന്നതാണെന്നും, കയ്യിൽ പണം ഇല്ലെന്നും അറിയിച്ചു. ഉടൻ തന്നെ എടക്കര പോലീസ് സ്ഥലത്തെത്തി കുട്ടികളെ നാല് പേരേയും നിലമ്പൂർ സ്റ്റേഷനിലെത്തിച്ചു. ചേവായൂർ പോലീസ് സ്ഥലത്തെത്തി കോഴിക്കോട്ടേക്ക് കൊണ്ട് പോയി. ഒരാളെ വ്യാഴം വൈകിട്ട്‌ ബംഗളുരുവിൽ നിന്ന്‌ കണ്ടുകിട്ടിയിരുന്നു. ഇതോടെ കാണാതായ എല്ലാവരും കസ്റ്റഡിയിലായി.

ബുധൻ വൈകിട്ടാണ്‌ പെൺകുട്ടികൾ ചിൽഡ്രൻസ്‌ ഹോമിൽ നിന്ന്‌ ചാടിപ്പോയത്‌. 15നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ കോഴിക്കോട്‌ നിന്ന്‌ ബസിൽ പാലക്കാടും തുടർന്ന്‌ ബംഗളുരുവിലും എത്തുകയായിരുന്നു. ബംഗളുരുവിലെ ഹോട്ടലിലെത്തിയ ഇവരെ മലയാളി സമാജം പ്രവർത്തകർ തിരിച്ചറിഞ്ഞ്‌ പിടികൂടാൻ ശ്രമിച്ചു. ഒരാളൊഴികെ മറ്റുള്ളവർ രക്ഷപെട്ടിരുന്നു. 15 വയസുള്ള ഒരു കുട്ടി ടൂറിസ്റ്റ്‌ ബസിൽ യാത്ര ചെയ്യുന്നു എന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ്‌ വെള്ളി രാവിലെ മൈസുരുവിനടുത്ത മാണ്ഡ്യയിൽ നിന്ന്‌ രണ്ടാമത്തെയാളെ പൊലീസ്‌ പിടിച്ചത്‌. കോഴിക്കോട്ടേയ്‌ക്കുള്ള യാത്രയിലായിരുന്നു ഇവർ. ബംഗളുരുവിൽ പിടിയിലാകുമെന്ന്‌ ഭയന്ന മറ്റ്‌ നാലുപേർ തിരികെ ട്രെയിൻ മാർഗം പാലക്കാടെത്തി. ഇവിടെ നിന്ന്‌ കോഴിക്കോട്ടേയ്‌ക്കുള്ള യാത്രാ മധ്യേ എടക്കരയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടക്കര പൊലീസാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌.
കോഴിക്കോട്ടെത്തിച്ച കുട്ടികളെ ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കിയ ശേഷം ചിൽഡ്രൻസ്‌ ഹോമിലേക്ക്‌ കൊണ്ടുപോയി. അടുത്ത ദിവസം  വിശദമായ മൊഴിയെടുക്കും.  കുട്ടികൾക്ക്‌ പുറത്ത്‌ നിന്നുള്ള സഹായം കിട്ടിയോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe