കോഴിക്കോട് നഗരത്തിൽ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

news image
May 6, 2023, 2:00 am GMT+0000 payyolionline.in

കോഴിക്കോട്: മാങ്കാവ് കിണാശ്ശേരിയിൽ  5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോഴിക്കോട് താലൂക്കിൽ വളയനാട് വില്ലേജിൽ പൊക്കുന്ന് ദേശത്ത് ഇടശ്ശേരിതാഴം  മുബാറക്ക് (31) ആണ് പിടിയിലായത്.

കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ബാബുവിന്റെ  നേതൃത്വത്തിൽ കോഴിക്കോട് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഒരു വർഷത്തോളമായി നഗരത്തിൽ എംഡിഎം എ വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. എംഡിഎംഎ ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും തലശ്ശേരിയിൽ നിന്നുമാണ് ട്രെയിൻ മാർഗവും ബസ് മാർഗ്ഗവും എത്തിച്ച് കോഴിക്കോട് നഗരത്തിൽ വിൽപ്പന നടത്തി വരുന്നതെന്ന് ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു.

പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. പിടിച്ചെടുത്ത എംഡി എം എ 25000 രൂപയ്ക്ക് പ്രതി തലശ്ശേരിയിൽ നിന്നും വാങ്ങിയതാണെന്ന് അറിയിച്ചു.  എൻഡിപിഎസ് നിയമം പ്രകാരം 10 വർഷം വരെ  ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡി എം എ ആയിരം രൂപയുടെ ചെറിയ ബാഗുകളിൽ ആക്കി വിൽപ്പന  നടത്താറാണ് പതിവ് എന്ന് പ്രതി സമ്മതിച്ചു. പ്രതി വില്പനയ്ക്കായി ഉപയോഗിക്കുന്ന സ്കൂട്ടറും മൊബൈൽ ഫോണും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.  കേസെടുത്ത പാർട്ടിയിൽ എക്സൈസ് ഓഫീസർ അനിൽകുമാർ. പി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി ഷാജു ,മുഹമ്മദ് അബ്ദുൽ റൗഫ്, എൻ ജലാലുദ്ദീൻ,വിനു വി.വി , സതീഷ് പി കെ , എക്സൈസ് ഡ്രൈവർ ബിബിനേഷ് എം.എം എന്നിവരും ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe