കോഴിക്കോട്  പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ ആത്മ‌ഹത്യ: ഭർത്താവും കുടുംബാംഗങ്ങളും ഒളിവിൽ, അന്വേഷണം ഊർജിതം

news image
Nov 8, 2022, 3:31 am GMT+0000 payyolionline.in

കോഴിക്കോട്∙ കോഴിക്കോട്  പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ ആത്മ‌ഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി ചേവായൂര്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ ഭർത്താവ് ശ്രീജേഷും കുടുംബാംഗങ്ങളും ഒളിവിൽ. കോഴിക്കോട് വെങ്ങാലിയിലെ റെയില്‍വേ ട്രാക്കിലായിരുന്നു അനഘയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്നാണ് ആത്മ‌ഹത്യയെന്ന് അനഘയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

 

2020 മാര്‍ച്ച് 25നായിരുന്നു അനഘയും ശ്രീജേഷും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനുശേഷം  അനഘയെ ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് അനഘയുടെ കുടുംബത്തിന്റെ ആരോപണം. അനഘയുടെ ബന്ധുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാന്‍ മകളെ അനുവദിക്കാറില്ലായിരുന്നു. മകളുടെ പ്രസവം ഉള്‍പ്പടെ അറിയിച്ചില്ലെന്നും കുടുംബക്കാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്‌തെന്നും യുവതിയുടെ അമ്മ ആരോപിച്ചു.

മെ‍ഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലാണ്  അന്വേഷണം. അനഘയുടെ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അനഘയുടെ ഭര്‍ത്താവ് ശ്രീജേഷിനെ  തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാൾ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയതായും ചേവായൂര്‍ പൊലീസ് അറിയിച്ചു. അനഘയുടെ ഇരട്ടകുട്ടികള്‍ ഇപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പമാണ്. ഈ കുട്ടികളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട്  അനഘയുടെ അമ്മ കുടുംബ കോടതിയെ സമീപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe