കോഴിക്കോട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് ചൊവ്വാഴ്ച രാവിലെ ഏഴോടെ ഓഫിസിൽ എത്തിയപ്പോൾ പൊട്ടിത്തെറിച്ചത്. സാരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദിവസങ്ങൾക്ക് മുമ്പ് തൃശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചിരുന്നു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകളും തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയുമായ ആദിത്യശ്രീയാണ് മരിച്ചത്. ഫോണിൽ വിഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയും കുട്ടി തൽക്ഷണം മരിക്കുകയുമായിരുന്നു.
ആഴ്ചകൾക്ക് മുമ്പ് കൈയിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഹരിപ്പാട്ട് മധ്യവയസ്കന് പരിക്കേറ്റിരുന്നു. കരുവാറ്റ സൗഭാഗ്യയിൽ ദാമോദരൻ നായർക്കാണ് പരിക്കേറ്റത്. ഒരു വർഷം മുമ്പ് വാങ്ങിയ ഫോണാണ് ഉപയോഗിച്ചുകൊണ്ടിരിക്കെ കൈയലിരുന്ന് പൊട്ടിത്തെറിച്ചത്.