കോഴിക്കോട്∙ നഗരഹൃദയത്തിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി കടുക്ക ഷനോജ്(37) ആണ് ടൗൺ അസിസ്റ്റന്‍റ് കമ്മിഷണർ പി.ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ബൈജു.കെ. പൗലോസിന്‍റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്.
പ്രതിയിൽനിന്ന് 4.047ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്കൂളുകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായത്. കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.ഇ.ബൈജുവിന്‍റെ നിർദ്ദേശപ്രകാരം നഗരത്തിൽ നടന്ന പ്രത്യേക പരിശോധനയിലാണു പ്രതിയെ പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ഷനോജ്.
ബെംഗളൂരുവിലെ ആഫ്രിക്കൻ കോളനിയിൽനിന്ന് ഗ്രാമിന് 500 രൂപയ്ക്ക് കൊണ്ടുവരുന്ന എംഡിഎംഎ കോഴിക്കോട് 2000 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. വിദ്യാർഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് വിൽപ്പന തടയുന്നതിനായി ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണയുടെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് സിറ്റി പൊലീസ് സ്വീകരിച്ചു വരുന്നത്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാർ സി.കെ.സുജിത്ത്, ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രസാദ്, സീനിയർ സിപിഒ ശിഹാബുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.