വാഷിങ്ടൺ: കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യസംഘടന. സംഘടന തലവൻ ടെഡ്രോസ് അദാനോം ഗീബർസിയുസസാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പിൻവലിക്കുന്നത്.
ആറ് മില്യൺ ആളുകളാണ് കോവിഡിനെ തുടർന്ന് മരിച്ചതെന്നാണ് ഏകദേശ കണക്കെന്ന് ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു. 2020 ജനുവരി 30നാണ് കോവിഡിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അതേസമയം, ലോകമെങ്ങും കോവിഡ് ഭീഷണി തുടരുന്നതായും സംഘടന വ്യക്തമാക്കി. തെക്ക്-കിഴക്കൻ ഏഷ്യയിൽ ഉൾപ്പടെയുള്ള രോഗബാധ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിനാളുകൾ കോവിഡ് മൂലം ഇപ്പോഴും മരിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.