കോവിഡ് പ്രതിസന്ധി മറികടന്ന് ലോട്ടറിക്കിത് സുവർണകാലം

news image
Jan 9, 2021, 1:44 pm IST

കോഴിക്കോട്  : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് കേരള ഭാഗ്യക്കുറി ടിക്കറ്റ് വിൽപനയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പ്രതിവാരലോട്ടറി ടിക്കറ്റ് വിൽപനയിൽ അഭൂതപൂർവമായ നേട്ടമാണ് ലോട്ടറി വകുപ്പിന് കൈവരിക്കാൻ സാധിച്ചത്. 2020 നവംബറിൽ ഒറ്റ ദിവസത്തെ വിൽപന 1,00,20,000 ടിക്കറ്റുകൾ വരെ എത്തിയിരുന്നു. ഇതിനുമുൻപും ടിക്കറ്റ് വിൽപ്പന ഒരു കോടി കടന്നിട്ടുണ്ടെങ്കിലും പ്രതിവാര ടിക്കറ്റുകളുടെ വില 40 രൂപയായി ഏകീകരിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു വർദ്ധനവുണ്ടായത്. പ്രതിദിനം ശരാശരി 90 ലക്ഷത്തിലധികം ലോട്ടറി ടിക്കറ്റുകളുടെ വിൽപന നടക്കുന്നതായി ഡിസംബറിലെ കണക്കുകളും വ്യക്തമാക്കുന്നു.

ആഴ്ചയിൽ ഏഴു ദിവസവും ടിക്കറ്റ് നറുക്കെടുപ്പു നടന്നിരുന്ന പ്രതിവാര ലോട്ടറി ടിക്കറ്റുകൾ ലോക്ക്ഡൗൺ ആരംഭിച്ച 2020 മാർച്ച് മുതൽ 90 ദിവസത്തിലധികം പൂർണമായും റദ്ദ് ചെയ്തിരുന്നു. അതിനുശേഷം ആഴ്ചയിൽ മൂന്നു ദിവസമായും  ഇപ്പോൾ വ്യാഴം,  ഞായർ  ഒഴികെ അഞ്ച് ദിവസങ്ങളായും വിൽപ്പന വർധിപ്പിച്ചു.  സെപ്റ്റംബർ മാസം ടിക്കറ്റ് വിൽപ്പന പുനരാരംഭിച്ച സമയത്ത്  46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. 2015ൽ  ഒരുദിവസം 50 ലക്ഷം മുതൽ 60 ലക്ഷം വരെ മാത്രം പ്രതിവാര ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്ന സ്ഥാനത്താണ് ഈ വർധനവ്.

ലോക്ക്ഡൗണിനു ശേഷം ലോട്ടറി ടിക്കറ്റ് വില്പന പുനരാരംഭിച്ചപ്പോൾ വില്പനക്കാർക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സജീവ അംഗങ്ങൾക്ക് 3500 രൂപയുടെ കൂപ്പണുകളും വിതരണം ചെയ്തിരുന്നു.

വ്യാജടിക്കറ്റുകൾ കണ്ടെത്താൻ പുതിയ സംവിധാനം ഒരുക്കിയതും വകുപ്പിന് സഹായമായി. ടിക്കറ്റുകളിലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്ത്  വ്യാജമാണോ എന്ന് പരിശോധിക്കാൻ ഭാഗ്യകേരളം എന്ന പേരിൽ മൊബൈൽ ആപ്പ് തയ്യാറാക്കി. സി ഡിറ്റിന്റെ  സാങ്കേതിക സഹായത്തോടെ ഡിസൈൻ ചെയ്യുന്ന ടിക്കറ്റുകളിൽ  ഏഴുതരം സുരക്ഷാമാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  വ്യാജ ടിക്കറ്റുകളുടെ വിൽപ്പന തടയാൻ സാധിച്ചതും  ലോട്ടറി  വകുപ്പിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി.
ലോട്ടറി വകുപ്പിനു കീഴിൽ പുതിയതായി 18 സ്ഥലങ്ങളിൽ ഭാഗ്യക്കുറി സബ് ഓഫീസുകൾ ആരംഭിച്ചതും പുതിയ തസ്തികകൾ സൃഷ്ടിച്ചതും ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ലോട്ടറി വകുപ്പിന് കൈവന്ന നേട്ടങ്ങളാണ്.  ഇത് ലോട്ടറി ശേഖരിക്കാൻ നേരത്തെ ജില്ലാകേന്ദ്രങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ഏജന്റുമാർക്കും ലോട്ടറി വിൽപനക്കാർക്കും ടിക്കറ്റ് ശേഖരിക്കാനും വിൽപ്പന നടത്താനും ഏറെയാണ് ഉപകാരപ്പെടുന്നത്. സമ്മാനവിതരണം വേഗത്തിലാക്കിയതും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്യു.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തിയതുമെല്ലാം  ടിക്കറ്റ് വിൽപ്പന വർധിക്കാൻ  കാരണമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe