കോവിഡ് രണ്ടാം തരംഗം : പ്രതിരോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ സജ്ജം

news image
Apr 18, 2021, 9:09 am IST

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാംവരവിനെ പ്രതിരോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർത്ത്‌ യുദ്ധകാല നടപടിയുമായി സർക്കാർ. പഞ്ചായത്ത്‌, മുനിസിപ്പൽ, കോർപറേഷനുകളിലെ മുഴുവൻ വാർഡ്‌ സമിതി/ ദ്രുത പ്രതികരണ സേനാ അംഗങ്ങളെയും പൂർണമായും പ്രതിരോധത്തിൽ പങ്കാളിയാക്കും. ഇവരെ മുന്നിൽനിർത്തി പ്രാദേശികമായി നടപടി സ്വീകരിക്കും.

പോരാട്ടത്തിന്‌ 2,55,700 പേർ
വാർഡുതല പ്രതിരോധ പ്രവർത്തനം‌ തദ്ദേശ ജനപ്രതിനിധികളടക്കം മുന്നിൽനിന്ന്‌ നയിക്കും. 19,489 പഞ്ചായത്ത്‌, മുനിസിപ്പൽ, കോർപറേഷൻ വാർഡുണ്ട്‌. ഇവയിൽ വാർഡ്‌ സമിതി/ആർആർടി (ദ്രുത പ്രതികരണ സേന) പുനഃസംഘടിപ്പിക്കാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ബഹുഭൂരിപക്ഷം വാർഡിലും സമിതി പ്രവർത്തനം ക്ഷീണിച്ച നിലയിലായിരുന്നു. ഭരണ സമിതികളിൽ 70 ശതമാനത്തിലേറെ നവാഗതരും‌. തുടർന്നാണ്‌ പുനഃസംഘടനാ നിർദേശം നൽകിയത്‌. പുനഃസംഘടിപ്പിക്കപ്പെട്ട വാർഡ്‌ സമിതികളിൽ 2.34 ലക്ഷം അംഗങ്ങളുണ്ട്‌. ജില്ലാ പഞ്ചായത്തിൽ 2080ഉം ബ്ലോക്കു പഞ്ചായത്തുകളിൽ 331 ഉം ജനപ്രതിനിധികളുണ്ട്‌. ഒപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും.

അതിവ്യാപനം ഒഴിവാക്കൽ പ്രധാനം
എല്ലാ കുടുംബത്തെയും ബോധവൽക്കരിക്കുക വാർഡ്‌ സമിതിയുടെ പ്രധാന ദൗത്യമാകും. അമ്പത്‌ ശതമാനത്തിലേറെ വ്യാപനം കുടുംബ സ്രോതസ്സ്‌ വഴിയാണെന്നാണ്‌ വിലയിരുത്തൽ‌‌. ഈ വ്യാപന സാധ്യത അഞ്ചു ശതമാനത്തിൽതാഴെ എത്തിക്കലാണ്‌‌ ലക്ഷ്യം. കുട്ടികളെയും പ്രതിരോധത്തിൽ പങ്കാളിയാക്കും. സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കും. റിവേഴ്‌സ്‌ ക്വാറന്റൈൻ പാലിക്കുന്നുവെന്നതും ഉറപ്പാക്കും. അതിഥിത്തൊഴിലാളികളുടെ സംരക്ഷണം, പ്രാദേശിക നിയന്ത്രണത്തിന്‌ സഹായിക്കൽ, ചികിത്സാ കേന്ദ്രങ്ങൾക്ക്‌ സൗകര്യമൊരുക്കൽ തുടങ്ങിയ ചുമതലയും ഇവർക്കുണ്ട്‌.

കോവിഡ്‌ കൂട്ടപരിശോധന വൻവിജയം
രണ്ട് ദിവസമായി  സംസ്ഥാന സർക്കാർ നടത്തിയ കോവിഡ്‌ പ്രത്യേക പരിശോധനാ ക്യാമ്പിൽ  മൂന്ന് ലക്ഷത്തിലധികം സാമ്പിൾ പരിശോധിച്ചു. വെള്ളിയാഴ്ച  1,35,159 ഉം ശനിയാഴ്ച   രണ്ട് ലക്ഷത്തോളവും സാമ്പിൾ ശേഖരിച്ചു. ശനിയാഴ്ചത്തെ പൂർണ കണക്കുകൾ ഞായറാഴ്ച ലഭ്യമാകും. രണ്ടുദിവസമായി രണ്ടര ലക്ഷം പരിശോധന നടത്തലായിരുന്നു ലക്ഷ്യം.

ഫലങ്ങൾ പൂർണമായി എത്തുന്നതോടെ പ്രതിദിന കണക്കുകൾ ഇനിയും വർധിക്കും. എന്നാൽ സംസ്ഥാനത്തെ ആരോഗ്യമേഖല പൂർണസജ്ജമാണെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ പരിശോധനാ കേന്ദ്രങ്ങൾ കൂട്ടപരിശോധനയ്ക്കായി പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർക്കായും പരിശോധനാ ക്യാമ്പുകൾ പ്രവർത്തിച്ചു. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആർ, ആർടിഎൽഎഎംപി, ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 1,41,62,843 സാമ്പിളാണ് സംസ്ഥാനത്ത്‌ പരിശോധിച്ചത്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe