കോവിഡ് രോഗികൾക്ക് കിടക്ക വാഗ്ദാനം ചെയ്ത് പണംതട്ടിയ വ്യാജ നഴ്സ് അറസ്റ്റിൽ

news image
May 11, 2021, 11:43 am IST

 

ന്യൂഡൽഹി: വ്യാജ നഴ്സ് ചമഞ്ഞ് ആശുപത്രി കിടക്കകൾ വാഗ്ദാനം ചെയ്ത് പണംതട്ടിയ യുവതി അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശി ഗീത സരോജയാണ് ഡൽഹി പൊലീസിന്‍റെ പിടിയിലായത്. എയിംസ് നഴ്സ് എന്നും സന്നദ്ധ പ്രവർത്തക എന്നും എഴുതിയിട്ടുള്ള വ്യാജ തിരിച്ചറിയൽ കാർഡ് യുവതിയിൽ നിന്ന് കണ്ടെടുത്തു.

 

ഡൽഹി നഗരത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സ സൗകര്യമുള്ള ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് രോഗികളിൽ നിന്ന് യുവതി പണം വാങ്ങുകയായിരുന്നു. ആശുപത്രി ചീഫ് മെഡിക്കൽ ഒാഫീസർ ഗുർപ്രീത് സിങ്ങിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എയിംസിന്‍റെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. ആരോഗ്യ പ്രവർത്തകയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പി‌.പി‌.ഇ കിറ്റ് ധരിച്ച് സ്ഥിരമായി ആശുപത്രിയിൽ എത്തിയിരുന്നു.

66കാരനായ കോവിഡ് രോഗിക്കൊപ്പമുണ്ടായിരുന്ന യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജൂനിയർ റസിഡന്‍റ് ഡോക്ടർമാരാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് യുവതി തട്ടിപ്പുസംഘത്തിന്‍റെ ഭാഗമാണെന്ന സംശയം ചൂണ്ടിക്കാട്ടി ചീഫ് മെഡിക്കൽ ഒാഫീസർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe