കോവിഡ് വ്യാപനം രൂക്ഷം: തിക്കോടിയിൽ പൊതു ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം

news image
Jul 10, 2021, 4:35 pm IST

തിക്കോടി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിക്കോടിയില്‍  കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. തിക്കോടി ഗ്രാമപഞ്ചായത്തിലെ കച്ചവട വ്യാപാര സ്ഥാപനങ്ങളിലെ  ജീവനക്കാർ, തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ ഓട്ടോ ടാക്സി ഡ്രൈവർമാർ എന്നിങ്ങനെ പൊതു ഇടങ്ങളിൽ പ്രവർത്തിക്കുന്നവർ മാസത്തിൽ ഒരിക്കലെങ്കിലും കോവിഡ് ടെസ്റ്റിന് വിധേയരായി മെഡിക്കൽ ഓഫീസർ അനുവദിക്കുന്ന സർട്ടിഫിക്കറ്റ് സൂക്ഷിക്കുന്നതിന് തിക്കോടി പഞ്ചായത്ത്‌ ഹാളിൽ ചേർന്ന പഞ്ചായത്ത് കോർ കമ്മിറ്റി നിർദേശം നൽകി.

 

 

 

ജില്ലാ കലക്ടരുടെ ഉത്തരവിന് വിരുദ്ധമായി പൊതു ഇടങ്ങളിൽ ടെസ്റ്റിന് വിധേയമാവാതെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും യോഗത്തില്‍ അധികൃതര്‍ വ്യക്തമാക്കി. വാർഡ് തല  ആര്‍ആര്‍ടി ശക്തിപ്പെടുത്തുന്നതിനും നിയന്ത്രണം കർശനമാക്കാനും കോവിഡ് വ്യാപനം കൂടിയ പ്രദേശങ്ങളിൽ റോഡുകൾ അടച്ചു പൂട്ടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

 

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ മാനദണ്ഡങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് കോർ കമ്മിറ്റി പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു. മൊബൈൽ ടെസ്റ്റിംഗ് വർധിപ്പിക്കുന്നതിനും വാക്സിൻ ലഭ്യത ഉറപ്പു വരുത്താനും നടപടി സ്വീകരിക്കും.

മേലടി കമ്മ്യൂണിറ്റി ഹെൽത് സെന്ററിലും പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലുമുള്ള ടെസ്റ്റ്‌ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഡ്രൈവർമാരും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും തൊഴിലാളികളും ആരോഗ്യ വകുപ്പ് അനുവദിക്കുന്ന കോവിഡ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തിയ കാർഡ് കൈപ്പറ്റി കൈവശം സൂക്ഷിക്കേണ്ടതാണെന്നു പ്രസിഡന്റ് അറിയിച്ചു.

യോഗത്തിൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട്  ജമീല സമദ് അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ പോലീസ്- ഹെൽത്ത് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe