ക്രിസ്തുമസ് – പുതുവത്സരം എക്സൈസ് റെയ്ഡ് ശക്തം; രണ്ട് പേര്‍ പിടിയില്‍

news image
Dec 11, 2013, 3:12 pm IST payyolionline.in

വടകര: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി എക്സൈസ്  റെയ്ഡുകള്‍ ശക്തമാക്കി. വടകര എക്സൈസ് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്തുകയായിരുന്ന വിദേശമദ്യവും വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന പത്ത് കുപ്പി വിദേശമദ്യവുമായി വിലങ്ങാട് ഉരുട്ടി ചെണാങ്കല്‍ വിനോദ് (26) നെ ചുഴലിയില്‍ അറസ്റ്റ് ചെയ്തു. മദ്യം കടത്താനുപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. വിലങ്ങാട്  ട്രൈബല്‍ കോളനി കേന്ദ്രീകരിച്ച് മദ്യവില്പന നടത്തി വരികയാണ് വിനോദ് എന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. വിലങ്ങാട് അടുപ്പില്‍ കെട്ടില്‍ കോളനി കേന്ദ്രീകരിച്ച് വിദേശ മദ്യം വില്പന നടത്തുമ്പോള്‍ വിലങ്ങാട് മുണ്ടോകണ്ടം വിനോദ് (44) നെയും സംഘം അറസ്റ്റ് ചെയ്തു. ഏറാമല കലിയാം വെള്ളി പുഴയോരത്ത് നടത്തിയ റെയ്ഡില്‍ പതിമൂന്ന് ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും  പിടിച്ചെടുത്തു.  500 ലിറ്ററിന്റെ രണ്ട് സിന്തറ്റിക്ക് ടാങ്കുകളിലും പാത്രങ്ങളിലുമാണ് വാഷ് സൂക്ഷിച്ചിരുന്നത്.  നാലര ലിറ്റര്‍ വിദേശ മദ്യവുമായി ആയഞ്ചേരി കാണണംകോട് നാണു (51)നെയും അറസ്റ്റ് ചെയ്തു. എടോടി ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിന്  മുന്‍വശത്തു നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. റെയ്ഡിന് സര്‍ക്കാര്‍ ഇന്‍സ്പെക്ടര്‍ വൈ ഷിബു, എക്സൈസ്  ഇന്‍സ്പെക്ടര്‍ ടോണി എസ്.ഐസക്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി. സുരേന്ദ്രന്‍, സി പത്മനാഭന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്രിസ്തുമസ്- പുതുവത്സര ആഘോഷവേളയില്‍ വിദേശമദ്യം കടത്തും വില്‍പ്പനയും തടയുന്നതിനായി വടകര താലൂക്കില്‍ 24 മണികൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം  പ്രവര്‍ത്തനം ആരംഭിച്ചതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളില്‍ ഉടന്‍ തന്നെ പരിഹാരം ഉണ്ടാകുമെന്നും കണ്‍ട്രോള്‍ റൂമില്‍ വിവരങ്ങള്‍ നല്‍ക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും അറിയിപ്പില്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe