തിരുവനന്തപുരം: സർക്കാർ ഫീസിന് ആനുപാതികമായല്ലാതെ ക്വാറി ഉൽപന്നങ്ങൾക്ക് അമിത വില ഈടാക്കില്ലെന്ന് ക്വാറി മേഖലയിലെ സംഘടനകൾ പങ്കെടുത്ത മന്ത്രിതല യോഗത്തിൽ ധാരണയായി. അമിത വില ഈടാക്കുന്നില്ലെന്ന് ക്വാറി മേഖലയെ പ്രതിനിധാനം ചെയ്യുന്ന സംഘടനകൾ ഉറപ്പുവരുത്തണമെന്നും വ്യവസായ മന്ത്രി പി. രാജീവ്, റവന്യൂ മന്ത്രി കെ. രാജൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചു. സർക്കാർ ഫീസുകൾക്ക് ആനുപാതികമായി പരമാവധി അഞ്ചു രൂപയിൽ കൂടുതൽ വില വർധിപ്പിക്കില്ലെന്ന് ക്വാറി സംഘടനകൾ യോഗത്തിൽ ഉറപ്പുനൽകി.
ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നു മുതലാണ് ഖനന ഫീസുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചത്. കരിങ്കല്ലിനുള്ള റോയൽറ്റി ചതുരശ്ര അടിക്ക് 1.10 രൂപയും ഡീലേഴ്സ് ലൈസൻസ് ഫീസ് 18 മുതൽ 48 പൈസ വരെയുമാണ് സർക്കാർ വർധിപ്പിച്ചത്. എന്നാൽ, വിപണി വില അഞ്ചു മുതൽ 15 രൂപ വരെ വർധിപ്പിച്ച് ഉൽപാദകരും വിതരണക്കാരും അമിത ലാഭമുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് ക്വാറി സംഘടനകളുമായി മന്ത്രിമാർ ചർച്ച നടത്തിയത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഖനന ഫീസുകൾ ഇപ്പോഴും കേരളത്തിൽ കുറവാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ക്വാറി ഉടമകൾ ഉന്നയിച്ച പ്രശ്നങ്ങളും യോഗം ചർച്ച ചെയ്ത് ധാരണയിലെത്തി. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് രാജു എബ്രഹാം, എ.എം. യൂസുഫ്, കലഞ്ഞൂർ മധു തുടങ്ങിയവർ പങ്കെടുത്തു.