പാറ്റ്ന: അടുക്കളയിൽ എന്തിനും ഏതിനും വേണ്ട സാധനമായ ഉപ്പിന് ക്ഷാമം നേരിട്ടു എന്ന അഭ്യൂഹം പരന്നതോടെ ബിഹാറിൽ ഉപ്പിന്റെ വില റോക്കറ്റുപോലെ കുതിച്ചു കയറി. കിലോയ്ക്ക് 60 രൂപ മുതൽ 150 രൂപ വരെയാണ് ഉപ്പിന്രെ വില ഉയർന്നത്.
ദർഭംഗ, സിതാമർഹി, സംസ്തിപൂർ, മധുബനി എന്നീ ജില്ലകളിലാണ് ഉപ്പിന് ക്ഷാമം അനുഭവപ്പെട്ടതായി അഭ്യൂഹം പരന്നത്. ഗുജറാത്തിൽ നിന്നുള്ള ഉല്പാദനം കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമെന്നും റിപ്പോർട്ടുകൾ വന്നു. ഉടൻ തന്നെ വില ചിലിയിടങ്ങളിൽ 70 രൂപ വരെ ഉയർന്നു. വിവിധ കന്പനികളുടെ ഉപ്പിന് 16 മുതൽ 20വരെയാണ് കൂടിയ വില.
സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റു ചെയ്തതായി ബിഹാർ ഭക്ഷ്യമന്ത്രി ശ്യാം രജക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഭ്യൂഹം പരന്ന ജില്ലകളിലെ അധികാരികളോട് അന്വേഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ ഉപ്പിന് ക്ഷാമമില്ലെന്ന് മൈക്കിലൂടെ ജനങ്ങളെ അറിയിക്കാനും മന്ത്രി നിർദ്ദേശം നൽകി.
പൂഴ്ത്തിവയ്പും കരിഞ്ചന്തയിലും ഉപ്പ് വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.