ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകയിൽ നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂരിലെ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അമിത് ഷായെന്നും റിപ്പോർട്ടുണ്ട്.
മണിപ്പൂരിലെ ഉന്നത അധികൃതരുമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം.
വ്യാഴാഴ്ചയാണ് കർണാടകയിലെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കിയതായി ഷാ അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രി വിഡിയോ കോൺഫറൻസ് വഴി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. അയൽ സംസ്ഥാനങ്ങളായ നാഗാലാൻഡ്, മിസോറാം മുഖ്യമന്ത്രിമാരുമായും അമിത് ഷാ വിഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാനത്ത് പ്രബലമായ മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ പോരാട്ട ഭൂമിയാക്കി മാറ്റിയത്. മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി വേണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. മണിപ്പൂരിന്റെ 10 ശതമാനം മാത്രം താഴ്വാര പ്രദേശവും ബാക്കി 90 ശതമാനവും പർവത മേഖലകളുമാണ്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്നവരാണ് മെയ്തേയി വിഭാഗക്കാർ. ജനസംഖ്യയുടെ മൂന്നിലൊന്നും താഴ്വരയിലാണ്. മെയ്തേയി വിഭാഗക്കാരാണ് താഴ്വരയിൽ ഏറിയ പങ്കും.