ബംഗളൂരു: കർണാടക പൊലീസിന് വൻതുക നൽകി കേരളത്തിലേക്കില്ലെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. നീതി നിഷേധത്തോട് സന്ധി ചെയ്ത് കീഴ്വഴക്കം സൃഷ്ടിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അകമ്പടിക്കായി 60 ലക്ഷം രൂപ മുൻകൂറായി കെട്ടിവെക്കണമെന്ന് കർണാടക നിർദേശത്തിനെതിരായ ഹരജി സുപ്രീംകോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മരിക്കേണ്ടി വന്നാലും അനീതിയോട് സന്ധി ചെയ്യില്ല. അനന്തമായി നീതി നിഷേധം നേരിടുന്നു. കർണാടക സർക്കാർ സുപ്രീംകോടതിയിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു. മുമ്പൊന്നും ഈടാക്കാത്ത തുകയാണ് ഇത്തവണ ചോദിച്ചിരിക്കുന്നത്. നിയമപോരാട്ടം തുടരുമെന്നും മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് അകമ്പടിക്കായി 60 ലക്ഷം രൂപ മുൻകൂറായി കെട്ടിവെക്കണമെന്ന് കർണാടക നിർദേശത്തിനെതിരെ മഅ്ദനി സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. കേരളത്തിൽ വരാനുള്ള സുരക്ഷ ചെലവിനത്തിൽ കർണാടക പൊലീസ് ആവശ്യപ്പെട്ട പണം മുൻകൂറായി കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു. ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സി.എച്ച്. പ്രതാപ റെഡ്ഡിയാണ് മഅ്ദനിയുടെ കൂടെ അകമ്പടിക്കായി 20 പൊലീസുകാരെ നിയോഗിക്കുകയും 82 ദിവസത്തെ ഇവരുടെ ചെലവിലേക്കായി 60 ലക്ഷത്തോളം രൂപ മുൻകൂറായി കെട്ടിവെക്കണമെന്ന് നിർദേശിക്കുകയും ചെയ്തത്.
18 ശതമാനം ജി.എസ്.ടി തുകയായി 2.67 ലക്ഷവും സേവന നികുതിയായി 1.48 ലക്ഷവും ഇതിൽ ഉൾപ്പെടും. ഇതിന് പുറമെ, താമസവും ഭക്ഷണവും അടക്കമുള്ള മറ്റ് അനുബന്ധ ചെലവുകൾ വഹിക്കണമെന്നും വാക്കാൽ നിർദേശം നൽകിയിരുന്നു. മൊത്തം ചെലവ് ഒരു കോടിയോടടുക്കും.