ഖത്തറിന് വിവാദ ഗോൾ; ഫിഫക്കും എ.എഫ്.സിക്കും കത്തെഴുതി എ.ഐ.എഫ്.എഫ്

news image
Jun 12, 2024, 2:46 pm GMT+0000 payyolionline.in

ന്യൂഡൽഹി: ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഖത്തറിന് വിവാദ ഗോൾ അനുവദിച്ചുകൊടുത്ത റഫറിയിങ് തീരുമാനത്തിൽ കടുത്ത നിരാശ രേഖപ്പെടുത്തി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). ഗോൾ ലൈനിനു പുറത്തുപോയ പന്ത് എടുത്ത് ഗോളടിച്ചാണ് മത്സരത്തിൽ ഖത്തർ ഒപ്പമെത്തുന്നത്.

മത്സരത്തിൽ നിറഞ്ഞുകളിക്കുകയും ആദ്യ ഒരു മണിക്കൂറിലേറെ മുന്നിട്ടുനിൽക്കുകയും ചെയ്തശേഷമാണ് ഇന്ത്യക്കു മേൽ ദൗർഭാഗ്യം വന്നുപതിക്കുന്നത്. ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ മത്സരത്തിന്‍റെ 37ാം മിനിറ്റിലാണ് ലാലിയൻസുവാല ഛാങ്തെയുടെ ഗോളിലൂടെ ഇന്ത്യ ലീഡെടുക്കുന്നത്. എന്നാൽ, 73ാം മിനിറ്റിലാണ് വിവാദ ഗോൾ പിറക്കുന്നത്. ഖത്തറിന്റെ ഗോൾശ്രമം ഇന്ത്യൻ പെനാൽറ്റി ഏരിയയിൽ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു തടഞ്ഞെങ്കിലും പന്ത് കൈയിലൊതുക്കാനായില്ല. ഇതിനിടെ ഗോൾ ലൈനിനു പുറത്തു പോയ പന്ത് അൽ ഹസ്സൻ കാലുകൊണ്ടു വലിച്ചെടുത്ത് യൂസഫ് അയ്മന് നൽകി. താരം പോസ്റ്റിനുള്ളിലേക്ക് പന്ത് തട്ടിയിടുമ്പോൾ ഇന്ത്യൻ താരങ്ങളും ഗോൾകീപ്പറും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു.

പന്ത് പുറത്തു പോയി എന്ന് ഇന്ത്യൻ താരങ്ങൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. മാനസ്സികമായി തകർന്ന ഇന്ത്യയുടെ ഗോൾവല 85ാം മിനിറ്റിൽ അഹമ്മദ് അൽ റാവിയും കുലുക്കിയതോടെ ലോകകപ്പ് യോഗ്യതയെന്ന സ്വപ്നവും കൂടിയാണ് ഇല്ലാതായത്. ജയവും പരാജയവും കായികമത്സരങ്ങളുടെ ഭാഗമാണെങ്കിലും ഖത്തർ നേടിയ ഗോളുകളിലൊന്ന് നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നതാണെന്ന് എ.ഐ.എഫ്.എഫ് പ്രസ്താവനയിൽ പറഞ്ഞു.

‘ഏഷ്യൻ മേഖല ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ഖത്തറിനോടേറ്റ തോൽവി ഇന്ത്യൻ ഫുട്ബാൾ ലോകത്തെ കടുത്ത നിരാശയിലാക്കുന്നതാണ്. ജയവും പരാജയവും മത്സരത്തിന്‍റെ ഭാഗമാണ്, ഞങ്ങൾ അത് അംഗീകരിക്കുന്നു, ചൊവ്വാഴ്ച രാത്രി ഇന്ത്യക്കെതിരെ ഖത്തർ നേടിയ രണ്ട് ഗോളുകളിൽ ഒന്ന് ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നതാണ്’ -എ.ഐ.എഫ്.എഫ് വ്യക്തമാക്കി.

ചീഫ് റഫറീയിങ് ഓഫിസറുമായി കൂടിയാലോചന നടത്തിയശേഷമാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട് തലവനും ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ റഫറി തലവനും മാച്ച് കമീഷണർക്കും കത്തെഴുതിയത്. ഇന്ത്യയുടെ മൂന്നാം റൗണ്ട് സ്വപ്നം തകർക്കുന്നതിലേക്ക് നയിച്ച മത്സരത്തിലെ റഫറീയിങ് പിഴവ് പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരത്തിന്‍റെ സ്പിരിറ്റ് ഉയർത്തിപിടിക്കുമെന്നും അതിൽ സംശയങ്ങൾ ഉന്നയിക്കാതെ നിയമങ്ങൾ പാലിക്കണമെന്നും തന്നെയാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും എ.ഐ.എഫ്.എഫ് കത്തിൽ പറയുന്നു.

ഖത്തറിനോട് തോറ്റതോടെ ഇന്ത്യ ഗ്രൂപ്പ് എയിൽ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ഖത്തറിനു പുറമെ, രണ്ടാം സ്ഥാനക്കാരായ കുവൈത്തും മൂന്നാം റൗണ്ടിലേക്ക് കടന്നു. ഏഷ്യൻ കപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരവും ഇന്ത്യക്ക് നഷ്ടമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe