ഖാദി ബോർഡ് വഴി ഇരുപതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും : മന്ത്രി പി രാജീവ്

news image
Jan 11, 2022, 12:19 pm IST payyolionline.in

തിരുവനന്തപുരം: സംസ്ഥാന സർക്കാർ  ഖാദി ബോർഡ് വഴി ഈ വർഷം ഇരുപതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ  സൃഷ്ടിക്കുമെന്ന്  മന്ത്രി പി.രാജീവ് പറഞ്ഞു. കിഴക്കമ്പലം ഖാദി ഇൻഡസ്ട്രിയൽ കോപ്ളെക്സിൽ ഖാദി ബ്രൈറ്റ് ഡിറ്റർജന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

2022 സംരംഭക വർഷമായെടുത്ത് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിൽ പ്രധാന സംരംഭകരാകാൻ ഖാദിബോർഡിന് കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വൈവിദ്ധ്യമായ ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ കരുത്തരാകാനുള്ള മുന്നേറ്റമാണ് ഖാദിബോർഡ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

 

 

അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. ഖാദി തൊഴിലാളികൾക്കുള്ള മുണ്ടും നേര്യതും വിതരണവും മുൻ പ്രൊജക്റ്റ് ഓഫീസർക്കുള്ള ഉപഹാരവിതരണവും പി.ജയരാജൻ നിർവഹിച്ചു. ഖാദിബോർഡ് യൂണിറ്റുകളുടെ സ്ഥലസൗകര്യവും കെട്ടിട സൗകര്യവും പരമാവധി പ്രയോജനപ്പെ‌ടുത്തി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ബോർഡ് ശ്രമിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. റെഡിമെയ്ഡ് ഗാർമെന്റ്സ് യൂണിറ്റുകളടക്കം തുടങ്ങി വികസനമുന്നേറ്റം കുറിക്കുകയാണ് ലക്ഷ്യം.

പരമ്പരാഗത വ്യവസായങ്ങളൊക്കെ ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തിൽ വെല്ലുവിളികൾ നേരിടുകയാണ് നവീകരണപ്രവർത്തനങ്ങളിലൂടെ ഖാദിപ്രസ്ഥാനത്തിന്റെ മൂല്ല്യങ്ങൾ സംരക്ഷിച്ച്കൊണ്ട് മുന്നോട്ടു പോകുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാദി ഒരു ദേശീയ വികാരമാണ്. രാജ്യ സ്നേഹികളാകെ ഖാദി വസ്ത്രം ധരിക്കണമെന്ന് തീരുമാനിച്ച് മുന്നോട്ടു വന്നാൽ പ്രസ്ഥാനത്തിന് ഗുണകരമാകുമെന്നും ജയരാജൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe