ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നൽകിയ ഉത്തരവ് പിൻവലിക്കാന്‍ ഹർജി, ഭിന്നവിധിയുമായി സുപ്രീംകോടതി

news image
Oct 12, 2023, 3:37 am GMT+0000 payyolionline.in

ദില്ലി: വിവാഹിതയായ യുവതിയുടെ 26 ആഴ്‌ച്ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവ്‌ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഭിന്നവിധിയുമായി സുപ്രീംകോടതി. രണ്ടംഗബെഞ്ചിൽ ഭിന്നതയുണ്ടായതിനെ തുടർന്ന്‌ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിടാൻ ചീഫ്‌ജസ്‌റ്റിസിനോട്‌ ആവശ്യപ്പെടുമെന്ന്‌ ജഡ്‌ജിമാർ വ്യക്തമാക്കി.

ഭ്രൂണം അതിജീവിക്കാനുള്ള സാധ്യതയുണ്ടെന്ന പുതിയ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ ഉത്തരവ്‌ പിൻവലിക്കാമെന്നാണ് ജസ്‌റ്റിസ്‌ ഹിമാകോഹ്‌ലി ഉത്തരവിട്ടു. എന്നാൽ, ഗർഭച്ഛിദ്രത്തിന്‌ തിങ്കളാഴ്‌ച്ച നൽകിയ അനുമതി പിൻവലിക്കേണ്ട കാര്യമില്ലെന്ന്‌ ജസ്‌റ്റിസ്‌ ബി വി നാഗരത്ന വിയോജിച്ചു. രണ്ട്‌ കുട്ടികളുള്ള യുവതി തനിക്ക്‌ മൂന്നാമത്‌ ഒരു കുട്ടിയെ പ്രസവിക്കാനും വളർത്താനും വൈകാരികമായും മാനസികമായും ശാരീരികമായും പ്രശ്നങ്ങളുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷാദ രോഗമടക്കം അലട്ടുന്നതിനിടയിലാണ് യുവതി വീണ്ടും ഗര്‍ഭിണിയായത്.

 

കുഞ്ഞിനെ പ്രസവിച്ച ശേഷം ഫോസ്റ്റര്‍ കെയര്‍ സംവിധാനത്തിന് നല്‍കാന്‍ യുവതിക്ക് താല്‍പര്യമുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ കോടതി യുവതിയില്‍ നിന്ന് ചോദിച്ചറിഞ്ഞു. നിലവിലെ എംടിപി ആക്ട് അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി വേണമെന്ന സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് മാസത്തില്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭച്ഛിദ്ര വിരുദ്ധ എൻജിഒ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

സ്ത്രീയോ പങ്കാളിയോ ഉപയോഗിച്ച ഗർഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടാൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിലെ വ്യവസ്ഥ നീക്കംചെയ്യണമെന്നായിരുന്നു സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചൈൽഡ് എന്ന സംഘടനയാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe