ഗവര്‍ണറുടെ നടപടി നിയമസഭയോടുള്ള അവഹേളനം: വി.ഡി. സതീശൻ 

news image
Jan 25, 2024, 5:45 am GMT+0000 payyolionline.in

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കുകയാണ്. നയപ്രഖ്യാപനത്തിൽ കാര്യമായ കേന്ദ്ര വിമർശനമില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.  അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവർണർ രണ്ടു മിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ചു മടങ്ങിയതിൽ പ്രതികരിക്കുകയായിരുന്നു സതീശൻ.

 

‘‘സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്റെ പരിസമാപ്തിയാണ് ഇത്. യഥാർ‌ഥത്തിൽ സർക്കാർ തയാറാക്കി നൽകിയ ഈ നയപ്രഖ്യാപനത്തിൽ ഒരു കാര്യവും ഇല്ല. ഈ ഗവൺമെന്റിന്റെ സ്ഥിതി മുഴുവൻ വ്യക്തമാക്കിക്കൊണ്ടുള്ള ഒരു നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർക്കു വായിക്കാൻ സർക്കാർ എഴുതി തയാറാക്കി നൽകിയത്. അതിൽ യാതൊരു കേന്ദ്രവിമർശനവും ഇല്ല. കേന്ദ്ര ഏജൻസികളെ പേടിച്ച് ഡൽഹിയിലെ സമരം തന്നെ മാറ്റി.’’– വി.ഡി. സതീശൻ പറഞ്ഞു.

 

കേരളീയത്തെ കുറിച്ചും നവകേരള സദസിനെകുറിച്ചും മാത്രമാണ് ഈ നയപ്രഖ്യാപനത്തിൽ പറയുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി. കണക്കില്ലാത്ത കള്ളപ്പിരിവുനടത്തിയ പരിപാടികളാണ് കേരളീയവും നവകേരള സദസും. ലൈഫ് മിഷൻ എന്ന ഭവനനിർമാണ പദ്ധതി പൂർണമായി തകർന്നു. സപ്ലൈകോയിൽ സബ്സിഡിയുള്ള സാധനങ്ങൾ ലഭിക്കാനില്ല. സാമൂഹ്യക്ഷേമ പെൻഷനുകൾ മുടങ്ങിയിരിക്കുകയാണ്. നയപ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്ന ഓരോകാര്യവും യാഥാർഥ്യവും തമ്മിൽ യാതൊരു ബന്ധവും  ഇല്ലെന്നും സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe