അഹമ്മദാബാദ്: മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയ ഗുജറാത്തിലുണ്ടായ വൻ വിഷമദ്യ ദുരന്തത്തിന്റെ ഞെട്ടലില്‍ രാജ്യം. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 30 പേര്‍ക്കാണ് വിഷമദ്യം കഴിച്ച് ജീവന് നഷ്ടമായത്. 51 പേരാണ് ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ 14 പേര്‍ക്ക് എതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മിക്കവരെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഗുജറാത്ത് തീവ്രവാദി വിരുദ്ധ സ്ക്വാഡും അഹമ്മദാബാദ് ക്രൈം ബ്രാഞ്ചും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.
മദ്യമെന്ന് വിശ്വസിച്ച് മെഥനോൾ കഴിച്ചവരാണ് ദുരന്തത്തിൽ പെട്ടത്. ആശുപത്രിയിൽ കഴിയുന്ന പലരുടേയും സ്ഥിതി ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നുള്ളത് ആശങ്കയുണ്ടാക്കുന്നുണ്ട്. അഹമ്മദാബാദിലെ ഒരു ഫാക്ടറിയില്‍ നിന്ന് ഗോഡൗൺ ചുമതലക്കാരനായ ജയേഷ് ഖെവാഡിയ എന്നയാളാണ് മെഥനോൾ വിതരണക്കാർക്ക് എത്തിച്ച് നൽകിയത്. 7000 രൂപ അതിന് പ്രതിഫലവും കൈപ്പറ്റി.
ഇത് മദ്യമെന്ന പേരിൽ പാവപ്പെട്ട തൊഴിലാളികൾക്ക് വൻ തുക വാങ്ങി വിതരണം ചെയ്യുകയായിരുന്നു. വീര്യം കുറച്ച് മുൻപും ഇതേസംഘം മെഥനോൾ മദ്യമെന്ന പേരിൽ വിറ്റിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മദ്യ നിരോധനമുള്ള സംസ്ഥാനത്ത് ഇതൊരു അപ്രതീക്ഷിത സംഭവമെന്ന് വിശേഷിപ്പിക്കാനാവില്ല. ദുരന്തം നടന്ന ബൊട്ടാദ് ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റ്, നാല് മാസം മുൻപ് പൊലീസിന് നൽകിയ കത്തില്‍ വ്യാജമദ്യം ഒഴുകുന്നുവെന്ന മുന്നറിയിപ്പ് പൊലീസ് അവഗണിച്ചു.
മദ്യമാഫിയയിൽ നിന്ന് പണം പിരിക്കാൻ സ്ഥലത്തെ ഒരു എഎസ്ഐ നടത്തുന്ന സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ പൊതുവേദിയിൽ മദ്യപിച്ചെത്തിയ ഛോട്ടാ ഉദേപൂർ ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീഡിയോ വീണ്ടും സജീവമായിട്ടുണ്ട്. വിവാദമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നിരുന്നു. ലഹരി മാഫിയയും ബിജെപി നേതാക്കളും തമ്മിലുള്ള ബന്ധത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി. മദ്യനിരോധനം പേപ്പറിൽ മാത്രമെന്ന് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളും വിമർശിച്ചു.