തൃശൂര്‍: തൃശൂര്‍ പൂരത്തിന് തിടമ്പേറ്റി നില്‍ക്കാന്‍ കരിവീരന്മാര്‍ തമ്മില്‍ മത്സരമാണ്. തലയെടുപ്പില്‍ മുന്നില്‍ നില്‍ക്കുന്ന ഒരാള്‍ക്കാണ് ആ ഭാഗ്യം ലഭിക്കൂ. എങ്കിലും തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ചു എന്നത് ഒരു അംഗീകാരമാണ്. പൂരനാളില്‍ തൃശൂരിന്‍റെ തട്ടകത്തില്‍ എങ്ങും ആനച്ചന്തമാണ്. കാത് കൂര്‍പ്പിച്ചാല്‍ കേള്‍ക്കാം ചങ്ങലക്കിലുക്കം. കൊമ്പ് കുലുക്കി, തുമ്പിയാട്ടി, കുളിച്ചൊരുങ്ങി വരുന്ന കരിവീരന്മാര്‍. ഇവരെ കാണാന്‍ തട്ടകം ഒഴികെയെത്തും. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ 15 ആനകളെ വീതമാണ് എഴുന്നള്ളിക്കുക. എട്ട് ഘടക പൂരങ്ങളിലും ആന എളുന്നള്ളിപ്പ് ഉണ്ട്. മൊത്തം 100 ലധികം ആനകള്‍ പൂരനാളില്‍ തൃശൂരില്‍ ഉണ്ടാകും.
പൂരത്തിന് നിറച്ചന്തമൊരുക്കാന്‍ പാറമേക്കാവിന്റെ പൂരപ്പുറപ്പാടിന് കൊമ്പന്‍ ഗുരുവായൂര്‍ നന്ദന്‍. തിരുവമ്പാടി നിരയില്‍ തിളങ്ങാന്‍ കൊമ്പന്‍ ചന്ദ്രശേഖരന്‍. രാത്രി എഴുന്നള്ളിപ്പിന് പാറമേക്കാവിന് കാശിനാഥന്‍. ഉപചാരം ചൊല്ലി വിടവാങ്ങുന്ന നേരം ശ്രീമൂലസ്ഥാനത്തേക്ക് കൊച്ചിന്‍ദേവസ്വം കൊമ്പന്‍ ശിവകുമാര്‍ തിടമ്പേറ്റും. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പൂരത്തിന്റെ മുന്നൊരുക്കം പരിശോധിക്കാന്‍ കൊമ്പന്‍ ശിവകുമാര്‍ തന്നെയാണ് പൂരത്തലേന്ന് എത്തുക.
തിരുവമ്പാടിയുടെ പ്രധാന എഴുന്നള്ളിപ്പുകള്‍ക്ക് കൊമ്പന്‍ ചന്ദ്രശേഖരനെയാണ് അണിനിരത്തുക. മഠത്തില്‍ നിന്നുള്ള വരവ് മുതല്‍ കുടമാറ്റം വരെ ചന്ദ്രശേഖരന്‍ തിടമ്പേറ്റും. രാവിലെ തിരുവമ്പാടിയുടെ പുറപ്പാടു വേളയില്‍ കുട്ടന്‍കുളങ്ങര അര്‍ജുന്‍ അണിനിരക്കാനാണ് സാധ്യത. ഉപചാരം ചൊല്ലുന്ന വേളയില്‍ ചന്ദ്രശേഖരനാകും തിടമ്പ്. പാമ്പാടി രാജനും പ്രസിദ്ധനായ തെച്ചിക്കോട്ടുകാവ് രാമനും എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇരു കൊമ്പന്മാരും എത്തുന്നത് ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പുകള്‍ക്കാണ്. പാമ്പാടി രാജന്‍ തൃശൂരുകാര്‍ക്ക് പ്രിയങ്കരനാണ്. അതിലേറെ ജനപ്രിയനാണ് തെച്ചിക്കോട്ടുകാവ് രാമന്‍. രാമന്റെ എഴുന്നള്ളിപ്പോടെയാണ് തെക്കേഗോപുരനട തുറക്കുന്ന ചടങ്ങ് പ്രസിദ്ധമായത്. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ക്ക് വന്‍ഡിമാന്റാണ് പൊതുവെയുള്ളത്. ഏക്കത്തുകയും കൂടും. തൃശൂര്‍പൂരത്തിന് അഴകേറിയ കൊമ്പന്മാരെയാണ് ഇരു ദേവസ്വങ്ങളും അണിനിരത്തുക. ആനപ്രേമികള്‍ക്കു മനംനിറയ്ക്കുന്ന കാഴ്ച്ചകളാകും ഇത്.
ആന തെരഞ്ഞെടുപ്പുകളിലെ മത്സരം ഒഴിവാക്കാന്‍ ആനകളുടെ പൊതു ലിസ്റ്റുണ്ടാക്കിയ ശേഷം രണ്ടു പാനലുകള്‍ക്കു രൂപം നല്‍കുന്ന മുമ്പത്തെ റൊട്ടേഷന്‍ രീതി ഇക്കുറി നടപ്പാക്കില്ല. പകരം ഇരുദേവസ്വങ്ങളും സ്വന്തംനിലയില്‍ ആനകളുടെ ലിസ്റ്റ് ഉണ്ടാക്കുകയാണ്. പാനല്‍ രീതി ഉപേക്ഷിക്കുവാന്‍ ഇരുകൂട്ടരും തീരുമാനിച്ചതോടെയാണിത്. തിരുവമ്പാടി വിഭാഗം 47 ആനകളുടേയും പാറമേക്കാവ് വിഭാഗം 45 ആനകളുടേയും ലിസ്റ്റ് വനംവകുപ്പിന് കൈമാറി. ഇനിയും എണ്ണം ഉയരുമെന്നാണ് അറിയുന്നത്. പ്രമുഖ രണ്ടു ദേവസ്വങ്ങള്‍ക്കും ചുരുങ്ങിയത് 30 ആനകളെ വീതം കരുതണം. പരിശോധനകള്‍ക്കു ശേഷമാണ് അന്തിമ ലിസ്റ്റിനു രൂപം നല്‍കുക. പ്രശ്‌നമുണ്ടാക്കുന്ന ആനകളെ എഴുന്നള്ളിപ്പിക്കില്ല. എല്ലാ ആനകള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.
പൊലീസ്, വനംവകുപ്പുകളുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. വനംവകുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്്റ്റ് കണ്‍സര്‍വേറ്റര്‍ ബി.സജീഷ് കുമാറാണ്. വെറ്ററിനറി വിഭാഗത്തിന് ഡോ. ലതമേനോന്‍ നേതൃത്വം നല്‍കും. പൂരത്തലേന്ന് ആനകളെ പ്രത്യേകമായി പരിശോധന നടത്തുന്നത് ഇരുവിഭാഗങ്ങളിലുമായി 100 ഓളം പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ്. ആന ക്ഷാമമുണ്ടെങ്കിലും തൃശൂര്‍ പൂരത്തിന് തടസമാകില്ല. ആനകളുടെ പരിശോധനകള്‍ക്ക് രൂപീകൃതമായ ഉദ്യോഗസ്ഥ സംഘം പൂരം ദിവസങ്ങളില്‍ കര്‍മനിരതരാകും.