ന്യൂഡൽഹി: ബി.ജെ.പി എം.പിയും റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെ വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുമ്പ് ഡൽഹി പൊലീസിന് പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്ന് സോളിസിറ്റർ ജനറൽ (എസ്.ജി) തുഷാർ മേത്ത സുപ്രീംകോടതിയിൽ.
സുപ്രീംകോടതി നിർദേശിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് സന്നദ്ധമാണെന്നും മേത്ത കൂട്ടിച്ചേർത്തു. ഏഴ് വനിതാ ഗുസ്തി താരങ്ങളുടെ ഹരജിയിൽ മറുപടി നൽകാൻ ഡൽഹി പൊലീസിന് വെള്ളിയാഴ്ച വരെ സമയം നൽകിയതിന് പിറ്റേന്നാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ ഡൽഹി പൊലീസിന്റെ നിലപാട് എസ്.ജി അറിയിച്ചത്.
പരാതിപ്പെട്ട ഏഴ് പേരിലൊരാൾ ബാലികയാണ്. ജന്തർ മന്തറിൽ സമരം തുടരുന്നതിനിടെ ഗുസ്തി താരങ്ങൾ സമർപ്പിച്ച ഹരജിക്ക് രേഖാമൂലം മറുപടി നൽകുന്നതിനുപകരം എസ്.ജി കോടതിയിലെത്തി നിലപാട് അറിയിക്കുകയായിരുന്നു. ചില വിഷയങ്ങൾ എഫ്.ഐ.ആറിനുമുമ്പ് പരിശോധിക്കേണ്ടതുണ്ടായിരുന്നു.
സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടും ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാനാണ് ഇക്കാര്യം പരാമർശിക്കുന്നതെന്നും എസ്.ജി പറഞ്ഞു. എങ്കിൽ പരാതി നൽകിയ വനിതാ താരങ്ങൾ ഒരു സത്യവാങ്മൂലം കൂടി സമർപ്പിക്കുമെന്ന് അവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു.
സാധാരണഗതിയിൽ ക്രിമിനൽ നടപടി ക്രമം 156ാം വകുപ്പ് പ്രകാരം പൊലീസ് സൂപ്രണ്ടിന് പരിഹരിക്കാവുന്ന പരാതിയാണെന്ന് നിരീക്ഷിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിന് നോട്ടീസ് അയച്ചത്.
കേസ് വീണ്ടും പരിഗണിക്കാനായി ഏപ്രിൽ 28ലേക്ക് മാറ്റിയ സുപ്രീംകോടതി അന്നേക്കകം നോട്ടീസിന് മറുപടി നൽകണമെന്നാണ് ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടത്. അതിനിടെ, ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മലിക് ജന്തർ മന്തറിലെത്തി കായിക താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.